ബോളിവുഡിലെ വൺ ട്രിക്ക് പോണി (ഒറ്റ തന്ത്രം മാത്രം അറിയുന്നവൻ) എന്ന വിമർശകരുടെ പരിഹാസത്തിന് തന്റെ പ്രകടനങ്ങളിലൂടെ മറുപടി നൽകിയിരിക്കുകയാണ് നടൻ ഇമ്രാൻ ഹാഷ്മി. കരിയറിന്റെ തുടക്കത്തിൽ പതിഞ്ഞുപോയ ‘സീരിയൽ കിസ്സർ’, ‘ലൗവർ ബോയ്’ ഇമേജുകളിൽ നിന്ന് താൻ എങ്ങനെ മോചിതനായി എന്ന് വെളിപ്പെടുത്തുകയാണ് താരം. ഒരു നിശ്ചിത ചിത്രത്തിലൂടെയല്ല, മറിച്ച് തന്റെ കഠിനാധ്വാനവും വൈവിധ്യമാർന്ന വേഷങ്ങളും ചേർന്നാണ് ഈ മാറ്റം സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സിനിമ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് മനസ്സ് തുറന്നത്.
തുടക്കകാലത്ത് നേരിട്ട വിമർശനങ്ങൾ അന്യായമായിരുന്നു എന്ന് താൻ കരുതുന്നില്ലെന്ന് ഇമ്രാൻ ഹാഷ്മി പറഞ്ഞു. “വിമർശകർക്ക് അവരുടെ കാഴ്ചപ്പാടുകൾ ഉണ്ടാകാം. എന്നാൽ എനിക്ക് വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്യാൻ കഴിയുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ദിബാകർ ബാനർജിയെപ്പോലൊരു സംവിധായകൻ ലഭിച്ചപ്പോൾ ‘ഷാങ്ഹായ്’ (Shanghai) പോലൊരു ചിത്രം ചെയ്ത് എനിക്കത് തെളിയിക്കാൻ സാധിച്ചു,” അദ്ദേഹം വ്യക്തമാക്കി. ‘ജന്നത്ത്’, ‘വൺസ് അപ്പൺ എ ടൈം ഇൻ മുംബൈ’ തുടങ്ങിയ ചിത്രങ്ങൾ തന്റെ കരിയറിലെ വാർപ്പ് മാതൃകകളെ തകർത്തവയാണെന്നും താരം കൂട്ടിച്ചേർത്തു. സൽമാൻ ഖാൻ ചിത്രമായ ‘ടൈഗർ 3’യിലെ വില്ലൻ വേഷം താരത്തിന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായിരുന്നു.
അടുത്തിടെ ഒടിടി പ്ലാറ്റ്‌ഫോമിൽ പുറത്തിറങ്ങിയ ‘ദ ബാസ്റ്റഡ്‌സ് ഓഫ് ബോളിവുഡ്’ (The Ba***ds of Bollywood) എന്ന ഷോയിലെ ഇമ്രാൻ ഹാഷ്മിയുടെ അതിഥി വേഷം വലിയ രീതിയിൽ വൈറലായിരുന്നു. ഇൻസ്റ്റാഗ്രാമിലും മറ്റും യുവാക്കൾക്കിടയിൽ ഇമ്രാൻ ഹാഷ്മി തരംഗമായി മാറി. “ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയിൽ എന്ത് വേണമെങ്കിലും പണം കൊടുത്ത് വാങ്ങാം. എന്നാൽ ഈ ‘വൈറാലിറ്റി’ പണം കൊടുത്തു വാങ്ങാൻ കഴിയുന്നതല്ല. അത് വിലമതിക്കാനാവാത്തതാണ്.” – ഇമ്രാൻ ഹാഷ്മി.
തന്റെ പഴയ സിനിമകൾ കാണാത്ത പുതുതലമുറ (Gen Z) പോലും ഇൻസ്റ്റാഗ്രാം റീൽസിലൂടെയും പാട്ടുകളിലൂടെയും തന്നിലേക്ക് ആകൃഷ്ടരാകുന്നു എന്നത് അത്ഭുതകരമാണെന്ന് അദ്ദേഹം പറഞ്ഞു. 35-40 വയസ്സ് കഴിഞ്ഞാൽ സിനിമയിൽ പ്രസക്തി നിലനിർത്തുക എന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം സമ്മതിക്കുന്നു. സംഗീതത്തെ ഉദാഹരണമാക്കി ഇമ്രാൻ തന്റെ കരിയറിനെ വിശദീകരിച്ചു. “ഒരു പാട്ട് ഹിറ്റാക്കാൻ ബോംബാർഡ് ചെയ്ത് ആളുകളെ കേൾപ്പിക്കുന്നത് ഒരു രീതിയാണ്. എന്നാൽ ചില പാട്ടുകൾ ജനങ്ങൾക്കിടയിൽ സ്വാഭാവികമായി പടരും. അതാണ് യഥാർത്ഥ ഹിറ്റ്.” തന്റെ കരിയറും അതുപോലെ സ്വാഭാവികമായ വളർച്ചയിലൂടെയാണ് മുന്നോട്ട് പോകുന്നത് എന്ന് അദ്ദേഹം വിശ്വസിക്കുന്നു.










Discussion about this post