ഗാങ്ടോക് : സിക്കിമിലെ ഛാതനിൽ ഉരുൾപൊട്ടലിൽ സൈനിക ക്യാമ്പ് തകർന്ന് മൂന്ന് മരണം. സുരക്ഷാ ഉദ്യോഗസ്ഥരായ ആറ് പേരെ കാണാതായി. കനത്തെ മഴയെ തുടർന്നാണ് പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായത്. നാല് പേരെ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുത്തിയതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രദേശത്ത് രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ഇതുവരെ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. കാണാതായ ആറ് പേരെ കണ്ടെത്താൻ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തകർ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. വടക്കു കിഴക്കൻ ഇന്ത്യയിൽ ദിവസങ്ങളായി അതിശക്തമായ മഴയാണ് തുടരുന്നത്.
വടക്കൻ സിക്കിമിൽ തുടർച്ചയായ മഴയിൽ ഏകദേശം 1,500 വിനോദസഞ്ചാരികൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലിനും പിന്നാലെ നിരവധി റോഡുകൾ തകർന്നത് പല മേഖലകളെയും ഒറ്റപ്പെടുത്തി. പിന്നാലെ ടീസ്റ്റ നദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് വിനോദസഞ്ചാരികൾ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടു പോവുകയായിരുന്നു. മേഘവിസ്ഫോടനം മൂലമുണ്ടായ കനത്ത മഴയാണ് വടക്ക് കിഴക്കൻ മേഖലയിലെ സ്ഥിതിഗതികൾ വഷളാക്കിയത്.
Discussion about this post