തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ജമാഅത്തെ ഇസ്ലാമിയുടെ വിലക്ക് നീക്കി ബംഗ്ലാദേശ് സുപ്രീം കോടതി. ജമാഅത്തെ ഇസ്ലാമിയെ രാഷ്ട്രീയ പാർട്ടിയായി അംഗീകരിച്ച് രജിസ്‌ട്രേഷൻ പുനഃസ്ഥാപിക്കുകയും ചെയ്തു. വിദ്യാർത്ഥി സംഘടനയായ ഛത്ര ഷിബ്പൂരിന്റെയും വിലക്ക് നീക്കിയിട്ടുണ്ട്.
1971 ലെ വിമോചന യുദ്ധത്തിൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ നിന്ന് മെയ് 28 ന് ജമാഅത്ത് നേതാവ് എടിഎം അസ്ഹറുൽ ഇസ്ലാമിനെ കോടതി കുറ്റവിമുക്തനാക്കിയതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് നടപടി. കഴിഞ്ഞ വർഷം മുഹമ്മദ് യൂനുസ് സർക്കാർ അധികാരമേറ്റയുടനെ സംഘടനയുടെ നിരോധനം നീക്കിയിരുന്നു.
2013ൽ രജിസ്‌ട്രേഷൻ നഷ്ടപ്പെടുകയും തിരഞ്ഞെടുപ്പുകളിൽ നിന്ന് വിലക്കപ്പെടുകയും ചെയ്തിട്ടും ജമാഅത്ത് ബംഗ്ലാദേശിൽ സജീവമായി തുടർന്നിരുന്നു. ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിനുശേഷം ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടതിനെത്തുടർന്ന് ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി. സ്വയം പുനർനാമകരണം ചെയ്യാൻ ശ്രമിക്കുകയാണ്.
1971ലെ യുദ്ധത്തിൽ ജമാഅത്തെ ഇസ്ലാമി പാകിസ്താനെ പിന്തുണച്ചിരുന്നു. പാക് സർക്കാരിന്റെ ഉത്തരവനുസരിച്ച്, ബംഗ്ലാദേശ് വിമോചന സമരത്തിനിടെ കൂട്ട ബലാത്സംഗവും കൊലപാതകവും ഉൾപ്പെടെയുള്ള കടുത്ത അതിക്രമങ്ങൾ നടത്തുകയും കൂട്ടുനിൽക്കുകയും ചെയ്തു. ബംഗ്ലാദേശിൽ പാകിസ്താൻ ഇടം വീണ്ടെടുക്കാൻ ശ്രമിക്കുമ്പോൾ, ജമാഅത്തിന്റെ പുനരുജ്ജീവനം അതിന് തിരിച്ചുവരവിന് ആവശ്യമായ രാഷ്ട്രീയ ഇടം നൽകുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പാകിസ്താൻ അനുകൂല നിലപാട്, ‘പാകിസ്താനുമായി ശക്തമായ ബന്ധം സ്ഥാപിക്കുക’ എന്ന മുഹമ്മദ് യൂനുസിന്റെ വാദവുമായി പൊരുത്തപ്പെടുന്നു.
വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നിലെ ശക്തിയായ ജമാഅത്തിന്റെ പിന്തുണയോടെയാണ് യൂനുസ് അധികാരത്തിൽ വന്നതെന്ന വിമർശനം ശരിവയ്ക്കുന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ ഈ തിരിച്ചുവരവ്.
Discussion about this post