കൊൽക്കത്ത : പശ്ചിമ ബംഗാളിൽ എസ്‌ഐആർ നടപടികൾ ആരംഭിച്ചതോടെ അനധികൃത ബംഗ്ലാദേശികൾ കൂട്ടത്തോടെ പാലായനം ചെയ്യുകയാണ്. അതിർത്തിയിലെ ബിഎസ്എഫ് പോസ്റ്റുകളിൽ ബംഗ്ലാദേശിലേക്ക് മടങ്ങുന്നതിനായുള്ള അനധികൃത കൂടിയേറ്റക്കാരുടെ നീണ്ടനിരയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ബിഎസ്‌എഫ് റിപ്പോർട്ട് അനുസരിച്ച് നോർത്ത് 24 പർഗാനാസ്, മുർഷിദാബാദ്, മാൾഡ ജില്ലകളിലെ പ്രദേശങ്ങളിലൂടെ അനധികൃത കുടിയേറ്റക്കാർ ബംഗ്ലാദേശിലേക്ക് മടങ്ങാൻ തുടങ്ങിയിട്ടുണ്ട്.
ചെക്ക്‌പോസ്റ്റുകളിൽ ഇപ്പോൾ ചെറിയ ബാഗുകളും വ്യക്തിഗത വസ്തുക്കളും വഹിച്ചുകൊണ്ട് ആളുകളുടെ നീണ്ട നിരകൾ കാണപ്പെടുന്നു എന്നാണ് നോർത്ത് 24 പർഗാനാസിൽ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നത്. അവരിൽ പലരും വർഷങ്ങൾക്ക് മുമ്പ് തൊഴിൽ തേടി ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശി പൗരന്മാരാണെന്ന് പരസ്യമായി സമ്മതിക്കുന്നു. ബയോമെട്രിക് സ്ക്രീനിംഗ്, വിശദമായ ചോദ്യം ചെയ്യൽ, ക്രിമിനൽ പശ്ചാത്തല പരിശോധന എന്നിവയ്ക്ക് വിധേയരാക്കുന്നുണ്ട്.
രക്ഷപ്പെടാൻ ശ്രമിക്കുന്ന മതമൗലികവാദികളോ തീവ്രവാദ ബന്ധമുള്ളവരോ ആയി സംശയിക്കപ്പെടുന്നവരെ ബിഎസ്എഫ് പിടികൂടി സംസ്ഥാന പോലീസിനെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. ലഭ്യമായ ഡാറ്റാ ശേഖരണങ്ങളുമായി ബയോമെട്രിക് വിശദാംശങ്ങൾ ഒത്തുനോക്കി രാജ്യത്ത് ഏതെങ്കിലും കേസുകളിൽ ഇവർ പ്രതി ആയിട്ടുണ്ടോ എന്നുള്ള വിവരശേഖരണം അതിർത്തിയിൽ നടക്കുന്നുണ്ട്. അതേസമയം പ്രശ്നക്കാർ അല്ലെന്ന് കണ്ടെത്തുന്നവരെ നടപടിക്രമങ്ങൾ പാലിച്ച് ബോർഡർ ഗാർഡ് ബംഗ്ലാദേശിന് കൈമാറുകയാണ് ചെയ്യുന്നത്.









Discussion about this post