മോസ്‌കോ : പാകിസ്താൻ ആക്രമണങ്ങളെ ഫലപ്രദമായി നേരിടുന്നതിൽ ഇന്ത്യയെ ഏറെ സഹായിച്ച പ്രതിരോധ സംവിധാനമാണ് റഷ്യൻ നിർമ്മിത എസ്-400 സ്ട്രാറ്റജിക് എയർ ഡിഫൻസ് മിസൈൽ സിസ്റ്റം. റഷ്യയും ഇന്ത്യയും തമ്മിലുള്ള കരാർ പ്രകാരം ഇനി ഇന്ത്യക്ക് നൽകാനുള്ള ശേഷിക്കുന്ന എസ്-400 റെജിമെന്റുകൾ 2026ഓടെ ഇന്ത്യയിൽ എത്തുമെന്ന് റഷ്യ വ്യക്തമാക്കി. റഷ്യ-ഉക്രെയ്ൻ സംഘർഷം വിതരണ ശൃംഖലകളെയും ഉൽപാദനത്തെയും ബാധിച്ചതിനാലാണ് എസ്-400 സിസ്റ്റത്തിന്റെ ഡെലിവറി ഷെഡ്യൂൾ വൈകിയതെന്നും റഷ്യ അറിയിച്ചു.
റഷ്യൻ മിഷൻ ഡെപ്യൂട്ടി ചീഫ് റോമൻ ബാബുഷ്കിൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇനിയും പാകിസ്താനും തമ്മിലുണ്ടായ സംഘർഷത്തിൽ എസ്-400 മിസൈൽ സംവിധാനം ഇന്ത്യ ഫലപ്രദമായി ഉപയോഗിച്ചെന്നും റോമൻ ബാബുഷ്കിൻ സൂചിപ്പിച്ചു. ഇന്ത്യയും റഷ്യയും തമ്മിൽ പ്രതിരോധ സഹകരണത്തിന്റെ ഒരു നീണ്ട ചരിത്രമുണ്ട്. പ്രതിരോധ തയ്യാറെടുപ്പിലെ ഞങ്ങളുടെ പങ്കാളിത്തത്തിന്റെ വാഗ്ദാനമായ വിഷയങ്ങളിൽ ഒന്നാണിത് എന്നും ബാബുഷ്കിൻ വ്യക്തമാക്കി.
2018ലാണ് ഇന്ത്യ റഷ്യയുമായി എസ്-400 സ്ട്രാറ്റജിക് എയർ ഡിഫൻസ് മിസൈൽ സിസ്റ്റം വാങ്ങുന്നതിനുള്ള കരാർ ഒപ്പ് വച്ചിരുന്നത്. അഞ്ച് റെജിമെന്റുകൾക്കായി 5.43 ബില്യൺ ഡോളറിന്റെ തരാറായിരുന്നു ഉണ്ടായിരുന്നത്. 2021 ഡിസംബറിൽ ആണ് എസ്-400ന്റെ ആദ്യ റെജിമെന്റ് ഇന്ത്യയ്ക്ക് ലഭിച്ചത്. 2022 ഏപ്രിലിലും 2023 ഒക്ടോബറിലുമായി രണ്ടാമത്തെയും മൂന്നാമത്തെയും റെജിമെന്റുകളും ലഭിച്ചു. ഇനി ലഭിക്കാൻ ശേഷിയുള്ള റെജിമെന്റുകൾ 2026ഓടെ ലഭിക്കുന്നതായിരിക്കും.
നിലവിൽ ഇന്ത്യയുടെ കയ്യിലുള്ള മൂന്ന് എസ്-400 റെജിമെന്റുകൾ പാകിസ്താനുമായും ചൈനയുമായും അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ, വടക്കൻ മേഖലകളിലാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ഇന്ത്യ ‘സുദർശൻ ചക്ര’ എന്ന് നാമകരണം ചെയ്ത എസ്-400 ന് 380 കിലോമീറ്റർ പരിധിയിൽ ബോംബറുകൾ, ജെറ്റുകൾ, ചാരവിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവ കണ്ടെത്താനും നശിപ്പിക്കാനും കഴിയുന്നതാണ്.
Discussion about this post