സിന്ധുനദീജലകരാർ റദ്ദാക്കിയതിന് പകരമായി ഇന്ത്യയെ പലവഴിക്കും ഉപദ്രവിക്കാനുള്ള ശ്രമത്തിലാണ് പാകിസ്താൻ. എന്നാൽ ശ്രമങ്ങളെല്ലാം വിഫലമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചൈനയെ കൂട്ടുപിടിച്ച് ഭീഷണിപ്പെടുത്താനുള്ള ശ്രമവും ഇന്ത്യ എട്ടായി മടക്കിക്കൊടുത്തിരിക്കുകയാണ്. ചൈന ബ്രഹ്‌മപുത്രാനദിയിലെ ജലം തടഞ്ഞാൽ ഇന്ത്യ എന്ത് ചെയ്യുമെന്നായിരുന്നു പാകിസ്താന്റെ ചോദ്യം. എന്നാലിതിന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ ചുട്ടമറുപടി നൽകിയിരിക്കുകയാണ്. ബ്രഹ്‌മപുത്രാനദി ഇന്ത്യയിലൂടെ ഒഴുകുമ്പോഴാണ് അതിന്റെ ശക്തിപ്രാപിക്കുന്നതെന്നും അടിസ്ഥാനരഹിതമായ പ്രസ്താവനകളിലൂടെ ഇന്ത്യയെ ഭയപ്പെടുത്താനുള്ള പാകിസ്താന്റെ ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈന ബ്രഹ്‌മപുത്രാ നദിയിലെ ജലത്തിന്റെ ഒഴുക്ക് തടഞ്ഞാൽ എന്താവും ഇന്ത്യയുടെ സ്ഥിതി എന്നായിരുന്നു പാകിസ്താന്റെ ചോദ്യം. ചൈനയുടെ സഹായത്തോടെ ബ്രഹ്‌മപുത്രയുടെ ഇന്ത്യയിലേക്കുള്ള ഒഴുക്ക് തയുമെന്നായിരുന്നു പാകിസ്താൻ പറയാതെ പറഞ്ഞത്.
വാസ്തവവിരുദ്ധമായി സ്വയം ചമച്ചുണ്ടാക്കുന്ന ഭീഷണികളുമായി പാകിസ്താൻ വീണ്ടും എത്തിയിരിക്കുകയാണ്. നമുക്ക് ഇതിന്റെ വസ്തുത പരിശോധിക്കാം, ഉദ്ഭവിക്കുന്നത് തിബറ്റിലാണെങ്കിലും ബ്രഹ്‌മപുത്ര വികസിക്കുന്നതും ശക്തിപ്രാപിക്കുന്നതും ഇന്ത്യയിലാണ്. തിബറ്റൻ മേഖലയിലൂടെ ഒഴുകുമ്പോൾ 30-35% ജലം മാത്രമാണ് ബ്രഹ്‌മപുത്രയിൽ ഉണ്ടാകാറ്. എന്നാൽ ഇന്ത്യയിലൂടെ ഒഴുകുമ്പോൾ ബ്രഹ്‌മപുത്രയിലെ ജലത്തിന്റെ അളവ് 65-70% ആണ്. ഇന്ത്യയിലെ മൺസൂൺ മഴയും പോഷകനദികളിലെ ജലവുംകൂടി ചേരുമ്പോഴാണ് ബ്രഹ്‌മപുത്ര ശക്തി പ്രാപിക്കുന്നത്. ഇന്ത്യയിലെ മഴയിലൂടെ ശക്തിപ്രാപിച്ച്,ഇന്ത്യയിലൂടെ ഒഴുകുമ്പോൾ മാത്രം വളരുന്ന ഒരു നദിയാണ് ബ്രഹ്‌മപുത്ര.ഈ നദിയെ ആശ്രയിച്ചല്ല ഇന്ത്യയിലെ കൃഷികളോ മറ്റ് സംവിധാനങ്ങളോ പ്രവർത്തിക്കുന്നത്. ഇനി ചൈന ബ്രഹ്‌മപുത്രയിലെ ജലം തടയുന്നുവെന്നുതന്നെ ഇരിക്കട്ടെ, അതും ഇന്ത്യക്ക് ഗുണമേ ചെയ്യൂ. കാലവർഷത്തിൽ ബ്രഹ്‌മപുത്രയിൽ ജലനിരപ്പ് ഉയരുന്നതുമൂലം വർഷാവർഷം അസം മേഖലയിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കം ഒഴിവായിക്കിട്ടുമെന്ന് അദ്ദേഹം കുറിച്ചു.
Discussion about this post