ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ച് 18 വർഷങ്ങൾക്ക് ശേഷം ആദ്യമായി കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ വിജയാഘോഷ റാലി റദ്ദാക്കി. ബംഗളൂരു നഗരത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന റാലി ആണ് റദ്ദാക്കിയത്. വിജയാഘോഷത്തിന് ബംഗളൂരു പോലീസ് അനുമതി നിഷേധിച്ചതോടെയാണ് ടീം പരിപാടി റദ്ദാക്കിയത്.
ആർസിബി അംഗങ്ങളെ തുറന്ന ബസ്സിൽ കൊണ്ടുവന്ന് ബംഗളൂരു നഗരത്തിലൂടെ വിജയാഘോഷ പ്രകടനം നടത്താനായിരുന്നു ടീം തീരുമാനിച്ചിരുന്നത്. ലോകകപ്പ് നേടിയ ഇന്ത്യൻ ടീം മുംബൈയിൽ നടത്തിയ വിജയാഘോഷ പ്രകടനത്തിന് സമാനമായ രീതിയിൽ പരിപാടി നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഉച്ചയ്ക്ക് 1:30 ന് ഗാർഡൻ സിറ്റിയിലെത്തിയ ശേഷം തുറന്ന ബസിൽ വിജയ പരേഡ് നടത്താനുള്ള ആർസിബി ടീമിന്റെ തീരുമാനത്തിന് വലിയ തിരിച്ചടിയാണ് ഇപ്പോൾ ബംഗളൂരു പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
ബംഗളൂരു നഗരത്തിലൂടെയുള്ള വിജയ പരേഡിന് പകരം വൈകുന്നേരം 5 മുതൽ 6 വരെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടീമിനെ അനുമോദിക്കുന്ന ചടങ്ങ് നടത്തുമെന്ന് ആർസിബി മാനേജ്മെന്റ് അറിയിച്ചു. എന്നാൽ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നത് ആർസിബി ആരാധകരെ നിരാശയിൽ ആക്കിയിട്ടുണ്ട്. ടിക്കറ്റും പ്രത്യേക പാസും ഉള്ളവർക്ക് മാത്രമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ പഞ്ചാബ് കിംഗ്‌സിനെ ആറ് റൺസിന് തോൽപ്പിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയിരുന്നത്.
Discussion about this post