ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള ചർച്ചകൾക്ക് അമേരിക്ക സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഉഭയകക്ഷി ചർച്ചകൾക്ക് പാകിസ്താൻ തയ്യാറാണ്. എന്നാൽ ഇന്ത്യ ഒരു ചർച്ചകൾക്കും തയ്യാറാകുന്നില്ല. ഈ വിഷയത്തിൽ അമേരിക്ക ഇടപെടണമെന്ന് ആഗ്രഹിക്കുന്നു. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിക്കണം എന്നും ഷെഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു.
അമേരിക്കൻ സന്ദർശനത്തിലുള്ള പാകിസ്താൻ രാഷ്ട്രീയ നേതാവ് ബിലാവൽ ഭൂട്ടോയും കഴിഞ്ഞദിവസം ഇന്ത്യ ചർച്ചകൾക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുമായുള്ള സംഭാഷണങ്ങൾ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയും പാകിസ്താനും ഒന്നിച്ചു നിന്നാൽ മാത്രമേ ഭീകരവാദം അവസാനിപ്പിക്കാൻ കഴിയൂ എന്ന് ബിലാവൽ ഭൂട്ടോ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാകിസ്താൻ പ്രധാനമന്ത്രി തന്നെ ഈ വിഷയം ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ പാകിസ്താൻ ഭീകരത സ്പോൺസർ ചെയ്യുന്നത് നിർത്താതെ ഒരു ചർച്ചകൾക്കും തയ്യാറല്ല എന്നുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. അമേരിക്കൻ സന്ദർശനത്തിലുള്ള ഇന്ത്യൻ സർവ്വകക്ഷി സംഘത്തെ നയിക്കുന്ന കോൺഗ്രസ് നേതാവ് ശശി തരൂരും ഇക്കാര്യം വ്യക്തമാക്കി. “നിങ്ങളുടെ അയൽക്കാരൻ അദ്ദേഹത്തിന്റെ ഏതാനും റോട്ട് വീലറുകളെ നിങ്ങളുടെ കുട്ടികൾക്ക് നേരെ അഴിച്ചുവിട്ടശേഷം സംഭാഷണം നടത്താൻ വന്നാൽ നിങ്ങൾ അതിന് തയ്യാറാകുമോ?” എന്ന് ശശി തരൂർ അമേരിക്കയിൽ നടത്തിയ പത്രസമ്മേളനത്തിൽ ചോദിച്ചു. ഞങ്ങളുടെ തലയ്ക്കു നേരെ തോക്ക് ചൂണ്ടി നിൽക്കുന്നവരും ആയി ഒരു ചർച്ചയും നടത്തില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post