ന്യൂയോർക്ക് : ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായി യുഎസ് സന്ദർശിച്ച ശശി തരൂർ നടത്തിയ പത്രസമ്മേളനത്തിൽ ശ്രദ്ധാ കേന്ദ്രമായി മാറിയത് അദ്ദേഹത്തിന്റെ മകനാണ്. ശശി തരൂരിനോട് ചോദ്യങ്ങൾ ചോദിക്കാൻ എത്തിയ മാധ്യമപ്രവർത്തകരുടെ കൂട്ടത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ മകൻ ഇഷാൻ തരൂരും ഉണ്ടായിരുന്നത്. ഇഷാൻ ചോദ്യം ചോദിക്കാനായി എഴുന്നേറ്റപ്പോൾ “ഈ ചോദ്യത്തിന് അനുവാദം കൊടുക്കരുത് അത് എന്റെ മകനാണ് ” എന്നായിരുന്നു രസകരമായി ശശി തരൂർ പറഞ്ഞത്.
പ്രമുഖ മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റിലെ ഗ്ലോബൽ അഫയേഴ്സ് കോളമിസ്റ്റാണ് ശശി തരൂരിന്റെ മകൻ ഇഷാൻ തരൂർ. കഴിഞ്ഞദിവസം യുഎസിൽ ഇന്ത്യൻ പ്രതിനിധി സംഘം നടത്തിയ പത്രസമ്മേളനത്തിൽ വിദേശനയ വിദഗ്ധരും നയതന്ത്രജ്ഞരും പത്രപ്രവർത്തകരും പങ്കെടുത്തിരുന്നു. ഈ കൂട്ടത്തിൽ തരൂരിനോട് ചോദ്യങ്ങൾ ചോദിക്കാൻ ഇഷാനും ഉണ്ടായിരുന്നു.
പഹൽഗാം ആക്രമണത്തിൽ പാകിസ്താന്റെ പങ്ക് തെളിയിക്കാൻ ഇന്ത്യൻ സർക്കാർ തെളിവ് തേടിയിട്ടുണ്ടോ എന്നായിരുന്നു ഇഷാൻ തരൂർ ചോദിച്ച ചോദ്യം. ബോധ്യപ്പെടുത്തുന്ന തെളിവുകളില്ലാതെ ഇന്ത്യ ഒരിക്കലും ഓപ്പറേഷൻ സിന്ദൂർ നടത്തുമായിരുന്നില്ല എന്നാണ് ശശി തരൂർ ഇതിന് നൽകിയ ഉത്തരം. വളരെ ശക്തമായ ഒരു അടിത്തറയില്ലാതെ സൈനിക നടപടി സ്വീകരിക്കുന്ന തരത്തിലുള്ള രാജ്യമല്ല ഇന്ത്യ എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ഇത് സാധാരണ രീതിയിലുള്ള ഒരു ഭീകരാക്രമണമായിരുന്നില്ല. ഈ ഭീകരാക്രമണം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് ഉറപ്പായതോടെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത് എന്നും ശശി തരൂർ വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിൽ തങ്ങളുടെ പങ്കിനെ കുറിച്ച് പാകിസ്താൻ ഇതുവരെ കുറ്റസമ്മതം നടത്തിയിട്ടില്ലല്ലോ എന്നും ഇഷാൻ തരൂർ ചോദ്യം ഉന്നയിച്ചു. ഈ ചോദ്യത്തിനും വളരെ വ്യക്തമായ മറുപടിയാണ് ശശി തരൂർ നൽകിയത്. ” പാകിസ്താനിലെ ഒരു കന്റോൺമെന്റ് നഗരത്തിലെ ഒരു സൈനിക ക്യാമ്പിന് തൊട്ടടുത്തുള്ള സുരക്ഷിത ഭവനത്തിൽ ഒസാമ ബിൻ ലാദനെ അമേരിക്ക കണ്ടെത്തുന്നതുവരെ ഈ കൊടും ഭീകരൻ എവിടെയാണെന്ന് അറിയില്ല എന്നാണ് പാകിസ്താൻ പറഞ്ഞിരുന്നത്. ഈ കാര്യം അമേരിക്കക്കാർ മറന്നിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്നും ശശി തരൂർ മറുപടി നൽകി.
Discussion about this post