ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് നിർത്തിവച്ച സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ, ഇന്ത്യയ്ക്ക് നാല് തവണ കത്തെഴുതിയതായി റിപ്പോർട്ടുകൾ. പാക് ജലവിഭവ മന്ത്രാലയം എഴുതിയ നാല് കത്തുകളിൽ , ഓപ്പറേഷൻ സിന്ദൂരിന് മുമ്പ് മെയ് മാസത്തിൽ സിന്ധു നദീജല ഉടമ്പടി നിർത്തലാക്കാനുള്ള തീരുമാനം ഇന്ത്യ പുനഃപരിശോധിക്കണമെന്ന് സെക്രട്ടറി സയ്യിദ് അലി മുർതാസ ആവശ്യപ്പെട്ടു. പിന്നീട്, കരാർ പുനഃസ്ഥാപിക്കാൻ അഭ്യർത്ഥിച്ച് മന്ത്രാലയം ഇന്ത്യയ്ക്ക് മൂന്ന് കത്തുകൾ കൂടി എഴുതി.
ബിയാസ് നദിയെ ഗംഗാ കനാലുമായി ബന്ധിപ്പിക്കുന്ന 130 കിലോമീറ്റർ നീളമുള്ള ഒരു കനാൽ നിർമ്മിക്കാൻ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. സിന്ധുവിനെ യമുനയുമായി ബന്ധിപ്പിക്കുന്നതിന് ഒരു കനാൽ നിർമ്മിക്കാനുള്ള നിർദ്ദേശവും ഉണ്ടെന്നാണ് വിവരം.200 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ ഭാഗമായി 12 കിലോമീറ്റർ നീളമുള്ള ഒരു തുരങ്കം നിർമ്മിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പദ്ധതിയുടെ പണി അതിവേഗം പുരോഗമിക്കുകയാണെന്നും രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നുമാണ് റിപ്പോർട്ടുകൾ.സിന്ധു നദീജലവുമായി ബന്ധപ്പെട്ട മുഴുവൻ പദ്ധതിയുടെയും വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ഉടൻ തയ്യാറാക്കും.
Discussion about this post