താൻ പഠിച്ച സ്ഥാപനത്തിന് ശതകോടീശ്വരനായ മുകേഷ് അംബാനി ഗുരുദക്ഷിണയായി നൽകിയത് 151 കോടി രൂപ. മുകേഷ് ധിരുഭായ് അംബാനി ബിരുദം പൂർത്തിയാക്കിയ മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജിക്കാണ് അംബാനി ഭീമൻ തുക നൽകിയത്. പ്രൊഫസർ എംഎം ശർമ്മയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് അംബാനി ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയത്.
ഇന്ത്യൻ രാസ വ്യവസായത്തിന്റെ വളർച്ചയ്ക്ക് പ്രൊഫസർ ശർമ്മയുടെ ശ്രമങ്ങളെ പ്രശംസിച്ച അംബാനി, അദ്ദേഹത്തെ ‘രാഷ്ട്ര ഗുരു – ഭാരതത്തിന്റെ ഗുരു’ എന്നും വിശേഷിപ്പിച്ചു. ഗുരുദക്ഷിണയായാണ് അംബാനി 151 കോടി രൂപ നിരുപാധിക ഗ്രാന്റ് പ്രഖ്യാപിച്ചത്. പ്രൊഫസർ ശർമ്മ എന്നോട് പറഞ്ഞിരുന്നു, ‘മുകേഷ്, ഐസിടിക്ക് വേണ്ടി വലിയ എന്തെങ്കിലും ചെയ്യണമെന്ന്, അദ്ദേഹത്തിന് വേണ്ടി ഇത് ചെയ്യുന്നതിൽ തനിക്ക് വളരെ സന്തോഷമുണ്ട്’ എന്ന് ഗ്രാന്റിനെ പരാമർശിച്ചുകൊണ്ട് അംബാനി പറഞ്ഞു.
ചടങ്ങിൽ പ്രൊഫസർ ശർമ്മ യുഡിസിടിയിൽ നടത്തിയ ആദ്യ പ്രഭാഷണം മുകേഷ് അംബാനി ഓർമ്മിച്ചു. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശിൽപ്പിയായി പ്രൊഫ. ശർമ്മ എങ്ങനെ പ്രവർത്തിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു. എന്റെ പിതാവ് ധീരുഭായ് അംബാനിയെ പോലെ, ഇന്ത്യൻ വ്യവസായത്തെ ക്ഷാമത്തിൽ നിന്ന് ആഗോള നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നുള്ള ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. സ്വകാര്യ സംരംഭകത്വവുമായി സഹകരിച്ച് ശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിച്ച് അഭിവൃദ്ധി കൊണ്ടുവരുമെന്ന് ഇവർ രണ്ടുപേരും വിശ്വസിച്ചിരുന്നതായും അംബാനി പറഞ്ഞു
Discussion about this post