എറണാകുളം : സിയാലിനെ മാതൃകയാക്കി സുസ്ഥിര ഊർജ്ജ വികസനത്തിന് തയ്യാറെടുക്കുകയാണ് കൊച്ചി വാട്ടർ മെട്രോ. 2030 ആകുമ്പോഴേക്കും പൂർണ്ണമായും സൗരോർജ സംവിധാനത്തിലേക്ക് നീങ്ങാൻ കഴിയുന്ന രീതിയിൽ സോളാർ ഫാം സ്ഥാപിക്കാനാണ് കൊച്ചി വാട്ടർ മെട്രോ ലക്ഷ്യമിടുന്നത്. ഇതിനായി ആലപ്പുഴയിലെ പുറക്കാട് സോളാർ ഫാം സ്ഥാപിക്കും എന്നാണ് വാട്ടർ മെട്രോ അധികൃതർ വ്യക്തമാക്കുന്നത്.
സോളാർ ഫാം സ്ഥാപിക്കുന്നതോടൊപ്പം തന്നെ വാട്ടർ മെട്രോ ടെർമിനലുകളിലും മേൽക്കൂരയ്ക്ക് മുകളിലായി സോളാർപാനലുകൾ സ്ഥാപിച്ച് സൗരോർജ്ജ ഉൽപാദനത്തിനും കൊച്ചി വാട്ടർ മെട്രോ ലക്ഷ്യമിടുന്നു. സിയാൽ നിലവിൽ 17 മെഗാ വാട്ട് വൈദ്യുതി ആണ് ഉല്പാദിപ്പിക്കുന്നത്. ഇതേ മാതൃകയിൽ സോളാർ ഫാം സ്ഥാപിക്കുന്നതിനായി പുറക്കാട് 90 ഏക്കർ സ്ഥലമാണ് വാട്ടർ മെട്രോ കണ്ടെത്തിയിട്ടുള്ളത്.
സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ റയിൽ ശൃംഖലയായ കൊച്ചി മെട്രോ ആണ് കൊച്ചി വാട്ടർ മെട്രോയ്ക്ക് മാതൃകയാകുന്നത്. കൊച്ചി മെട്രോയുടെ 55% വൈദ്യുതിയും സ്വന്തം സൗരോർജ്ജ പ്ലാന്റുകളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇത് 100% ആക്കി മാറ്റാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്.
Discussion about this post