ദിസ്പൂർ : അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്ന പ്രക്രിയ അസം സർക്കാർ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ശനിയാഴ്ച പ്രഖ്യാപിച്ചു. ഇതിനായി 1950-ലെ നിയമം പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധമായി കുടിയറുന്നവരെ വിചാരണ കൂടാതെ തന്നെ നാടുകടത്താൻ അനുവദിക്കുന്ന നിയമമാണിത്.
ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) പ്രക്രിയ വഴി നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തുന്ന പ്രക്രിയ ഇനി വേഗത്തിലാകുമെന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. രാജ്യത്തേക്ക് അനധികൃതമായി നുഴഞ്ഞുകയറിയവരെ കണ്ടെത്തിയാൽ അവരെ തിരികെ ബംഗ്ലാദേശിലേക്ക് തന്നെ അയക്കും എന്നും അദ്ദേഹം അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് അസമിന് ദീർഘകാല നിയമ നടപടിക്രമങ്ങൾ പാലിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
“കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ഉത്തരവ് (1950) എന്ന പേരിൽ ഒരു പഴയ നിയമമുണ്ട്. ഈ നിയമം ഇപ്പോഴും സാധുവാണെന്ന് സുപ്രീം കോടതി സർക്കാരിനെ അറിയിച്ചു. അതിലെ വ്യവസ്ഥകൾ പ്രകാരം, ഒരു ജില്ലാ കമ്മീഷണർക്ക് പോലും അനധികൃത കുടിയേറ്റക്കാരെ ഉടനടി നാടുകടത്താൻ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയും. കോടതി കേസുകളുള്ളവരെ ഒഴികെ, വലിയൊരു വിഭാഗം ആളുകളെ ഞങ്ങൾ ഇതിനകം തന്നെ തിരികെ അയച്ചു കഴിഞ്ഞു.” എന്നും നൽബാരി ജില്ലയിലെ ഘാഗ്രപാറിൽ മാധ്യമങ്ങളോട് സംസാരിക്കവെ അസം മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post