ഒട്ടാവ : കാനഡയിലെ വാൻകൂവറിൽ ഖാലിസ്ഥാനികൾ ഒരു പത്രപ്രവർത്തകനെ ക്രൂരമായി ആക്രമിച്ചതായി പരാതി. സ്വതന്ത്ര കനേഡിയൻ പത്രപ്രവർത്തകൻ മോച്ച ബെസിർഗൻ ആണ് ആക്രമിക്കപ്പെട്ടത്. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഒരു വീഡിയോ സന്ദേശത്തിൽ ആണ് മോച്ച ബെസിർഗൻ ഖാലിസ്ഥാനികളിൽ നിന്നും നേരിടേണ്ടി വന്ന ആക്രമണം വെളിപ്പെടുത്തിയത്.
വാൻകൂവറിൽ ഖാലിസ്ഥാൻ അനുകൂല പ്രവർത്തകരുടെ ഒരു റാലി റിപ്പോർട്ട് ചെയ്യുന്നതിനിടെ ആയിരുന്നു മാധ്യമപ്രവർത്തകന് നേരെ ആക്രമണം ഉണ്ടായത്. അവരുടെ പെരുമാറ്റം ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു എന്നും ഇപ്പോഴും താൻ ഭയത്തിൽ നിന്നും മുക്തനായിട്ടില്ല എന്നും ബെസിർഗൻ വെളിപ്പെടുത്തി. ഗുണ്ടകളെപ്പോലെ പെരുമാറിയ ഈ കൂട്ടം തന്നെ വളയുകയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ഫോൺ പിടിച്ചു വാങ്ങുകയും ചെയ്തു എന്നും അദ്ദേഹം വ്യക്തമാക്കി.
“കാനഡ, യുകെ, യുഎസ്, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ഖാലിസ്ഥാൻ പ്രതിഷേധങ്ങൾ ഞാൻ റിപ്പോർട്ട് ചെയ്തുവരികയാണ്. സ്വതന്ത്ര പത്രപ്രവർത്തനം നടത്തുകയും എന്താണ് സംഭവിക്കുന്നതെന്ന് രേഖപ്പെടുത്തുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുക എന്നതാണ് എന്റെ ഏക ലക്ഷ്യം. എഡിറ്റോറിയൽ തലത്തിൽ ഞാൻ സ്വതന്ത്രനായതിനാൽ ഇത് ചില ആളുകളെ നിരാശരാക്കുന്നുണ്ട്. ഈ ആളുകളാണ് എനിക്ക് നേരെ ആക്രമണം നടത്തിയത്” എന്നും സംഭവത്തിന്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ബെസിർഗൻ വെളിപ്പെടുത്തി.
Discussion about this post