ടെൽ അവീവ് : ഗാസയിലേക്കുള്ള ദുരിതാശ്വാസ സഹായവുമായി എത്തിയ അന്താരാഷ്ട്ര ആക്ടിവിസ്റ്റുകളുടെ കപ്പൽ ഇസ്രായേൽ തടഞ്ഞു. യുകെ പതാകയുമായി ഗാസയിലേക്ക് വന്നിരുന്ന മാഡ്ലീൻ എന്ന കപ്പലാണ് ഇസ്രായേൽ തടഞ്ഞത്. കാലാവസ്ഥാ പ്രവർത്തകയായ ഗ്രേറ്റ തൻബെർഗ് ഉൾപ്പെടുന്ന അന്താരാഷ്ട്ര ആക്ടിവിസ്റ്റുകൾ ആണ് കപ്പലിൽ ഉണ്ടായിരുന്നത്. ആക്ടിവിസ്റ്റുകൾ നടത്തുന്നത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് വിശേഷിപ്പിച്ച ഇസ്രായേൽ ഗാസയിലേക്കുള്ള എല്ലാ സഹായ കയറ്റുമതികളും ഔദ്യോഗിക മാർഗങ്ങൾ വഴി കൈമാറുമെന്ന് അറിയിച്ചു.
ജൂൺ 1 ന് സിസിലിയിൽ നിന്നായിരുന്നു ഈ കപ്പൽ ഗാസയിലേക്ക് പുറപ്പെട്ടിരുന്നത്. ഗ്രേറ്റ തൻബെർഗ്, ഫ്രഞ്ച്-പാലസ്തീൻ എംഇപി റിമ ഹസ്സൻ എന്നിവർ ഉൾപ്പെടുന്ന ഫ്രീഡം ഫ്ലോട്ടില്ല സഖ്യത്തിന്റെ നേതൃത്വത്തിലായിരുന്നു യാത്ര.
ഗാസയിലെത്തുന്നതിന് മുൻപായി ഇസ്രായേൽ സൈന്യം കപ്പൽ തടഞ്ഞ് ഉള്ളിൽ കയറുകയും കപ്പൽ ഇസ്രായേലിലേക്ക് തിരിച്ചു വിടുകയും ചെയ്തു. കപ്പലിലുള്ള ആളുകളെ ഇസ്രായേലിൽ നിന്നും സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ അയക്കുമെന്നും ഇസ്രായേൽ വ്യക്തമാക്കി. നേരത്തെ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ആക്ടിവിസ്റ്റുകളുടെ ഈ സഹായ കപ്പലിനെ “സെൽഫി യാച്ച്” എന്ന് പരിഹസിച്ചിരുന്നു.
ഇസ്രായേൽ നാവിക ഉപരോധത്തെ മറികടന്ന് ഗാസ മുനമ്പിലേക്ക് ദുരിതാശ്വാസ സഹായം എത്തിക്കാൻ ആയിരുന്നു ആക്ടിവിസ്റ്റുകൾ ലക്ഷ്യമിട്ടിരുന്നത്. ബ്രസീൽ, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ്, സ്‌പെയിൻ, സ്വീഡൻ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആക്ടിവിസ്റ്റുകൾ ആണ് ഈ കപ്പലിൽ ഉള്ളത്. ഇസ്രായേൽ കപ്പൽ പിടിച്ചെടുത്ത സാഹചര്യത്തിൽ ഈ ആക്ടിവിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പലസ്തീൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
Discussion about this post