ലഖ്‌നൗ : ക്ഷേത്രദർശനത്തിനെത്തിയ യുവതിയുടെ കൈയിൽ നിന്നും സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് തട്ടിപ്പറിച്ചോടി കുരങ്ങൻ. 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ആയിരുന്നു യുവതിയുടെ ബാഗിൽ ഉണ്ടായിരുന്നത്. വൃദ്ധാവനിലെ താക്കൂർ ബാങ്കേ ബിഹാരി ക്ഷേത്രത്തിന് മുന്നിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
അലിഗഡ് സ്വദേശിയായ അഭിഷേക് അഗർവാളും ഭാര്യയും വൃന്ദാവൻ ക്ഷേത്രത്തിൽ ദർശനം നടത്താനായി എത്തിയപ്പോഴാണ് കുരങ്ങൻ ബാഗ് തട്ടിയെടുത്തത്. വീട്ടിൽ വച്ച് പോന്നാൽ കള്ളൻ കൊണ്ടുപോകുമോ എന്ന ഭയത്താൽ ആണ് അഭിഷേകും കുടുംബവും സ്വർണാഭരണങ്ങൾ ബാഗിൽ ആക്കി കൊണ്ടുവന്നിരുന്നത്. എന്നാൽ ക്ഷേത്രദർശനത്തിന് നിൽക്കുന്ന സമയം സമീപത്തെത്തിയ ഒരു കുരങ്ങൻ അഭിഷേകിന്റെ ഭാര്യയുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗ് തട്ടിയെടുത്ത് ഓടിപ്പോവുകയായിരുന്നു.
അഭിഷേകും ക്ഷേത്ര ജീവനക്കാരും തിരഞ്ഞെങ്കിലും കുരങ്ങനെ കണ്ടെത്താൻ കഴിയാതെ ആയതോടെ ഒടുവിൽ പോലീസിന്റെ സഹായം തേടി. തുടർന്ന് പോലീസ് നാട്ടുകാരുടെ കൂടെ സഹായത്തോടെ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുരങ്ങൻ ബാഗ് ഒരു മരക്കൊമ്പിൽ തൂക്കിയിട്ടിരിക്കുന്നതായി കണ്ടെത്തി. എട്ടു മണിക്കൂർ നീണ്ട അന്വേഷണത്തിനു ശേഷമാണ് കുരങ്ങൻ കൊണ്ടുപോയ ബാഗ് തിരികെ കണ്ടെത്താനായത്. എങ്കിലും ബാഗിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല എന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post