ന്യൂഡൽഹി : ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. വന്യമൃഗങ്ങൾ ആക്രമണകാരികളോ മനുഷ്യജീവന് ഭീഷണി ഉണ്ടാക്കുന്നവയോ ആണെങ്കിൽ അവയെ കൊല്ലാൻ വനം വകുപ്പ് മേധാവിക്ക് അധികാരമുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. വന്യമൃഗ ആക്രമണങ്ങളിൽ കേന്ദ്രത്തിന് മേൽ പഴിചാരാനുള്ള കേരളത്തിന്റെ ശ്രമങ്ങളെ ആണ് കേന്ദ്ര വനം മന്ത്രി തള്ളിയത്.
നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥയെ കേന്ദ്ര വനം മന്ത്രി കുറ്റപ്പെടുത്തി.
2025ൽ മാത്രം മൂന്ന് പേർ ആണ് ഇതേ കാരണത്തിൽ കേരളത്തിൽ മരിച്ചത്. കേരള സർക്കാരിന്റെ അനാസ്ഥയാണ് ഇതിനെല്ലാം കാരണം. മനുഷ്യ ജീവന് അപകടകാരിയായ പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതാണ് കേരളത്തിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും ഭൂപേന്ദ്ര യാദവ് കുറ്റപ്പെടുത്തി.
ഫെൻസിംഗിന് കേന്ദ്രം നേരത്തെ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയതാണ് എന്നും കേന്ദ്രമന്ത്രി സൂചിപ്പിച്ചു. വൈദ്യുതി വേലി നിർമിക്കാനും, വന്യ ജീവികൾക്കുള്ള ഭക്ഷണം നൽകാനും കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൃത്യമായ ഫണ്ട് നൽകുന്നുണ്ട്. ഫെൻസിംഗിന് 240V പവർ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post