എറണാകുളം : മാസപ്പടി കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രി സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ എംആര്‍ അജയന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയുടെ ലക്ഷ്യം പൊതു താൽപര്യമല്ല എന്ന് പിണറായി വിജയൻ സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചു. രാഷ്ട്രീയലക്ഷ്യം വച്ചാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചിരിക്കുന്നത്. അഴിമതി അന്വേഷിക്കുന്ന ഏജന്‍സികളെ ഹര്‍ജിക്കാരന്‍ സമീപിച്ചില്ല. പകരം ഹൈക്കോടതിയിലേക്കാണ് എത്തിയത് എന്നും സത്യവാങ്മൂലത്തിൽ പിണറായി വിജയൻ വ്യക്തമാക്കുന്നു.
മാസപ്പടി കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കും ഹൈക്കോടതി കഴിഞ്ഞദിവസം നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും. നേരത്തെ മാസപ്പടിക്കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
Discussion about this post