വാഷിംഗ്ടൺ: പ്രത്യേക ഇറക്കുമതി അനുമതി ആവശ്യമുള്ള ജൈവവസ്തുക്കൾ അനധികൃതമായി യുഎസിലേക്ക് കടത്തിയ ചൈനീസ് വനിത അറസ്റ്റിൽ. വുഹാനിൽ നിന്നുള്ള ചൈനീസ് പൗരയും പി.എച്ച്.ഡി. വിദ്യാർഥിനിയുമായ ചെങ്‌സ്വാൻ ഹാനാണ് പിടിയിലായത്. ഇവർ ചില ജൈവവസ്തുക്കൾ പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. നാടവിരയുമായി ബന്ധപ്പെട്ട സാധനങ്ങളാണ് കടത്താൻ ശ്രമിച്ചത്.
വുഹാനിലെ ഹ്വാസോങ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷക വിദ്യാർഥിനിയാണ് ചെങ്‌സ്വാൻ ഹാൻ. ജൂൺ എട്ടിന് ഡെട്രോയിറ്റ് മെട്രോപൊളിറ്റൻ എയർപോർട്ടിൽ എത്തിയപ്പോൾ എഫ്.ബി.ഐ. ഇവരെ കസ്റ്റഡിയിലെടുത്തു. ഡെട്രോയിറ്റിൽ എത്തിയ ഹാനെ കസ്റ്റഡിയലെടുത്ത് ചോദ്യം ചെയ്തപ്പോൾ പാക്കേജുകളെക്കുറിച്ച് അറിവില്ലെന്നായിരുന്നു മറുപടി. യുഎസിലേക്ക് വരുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹാൻ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് വിവരങ്ങൾ മായ്ച്ചതായും പ്രോസിക്യൂട്ടർമാർ വെളിപ്പെടുത്തി. അന്വേഷണം തടസ്സപ്പെടുത്താനുള്ള മനഃപൂർവ്വമായ ശ്രമമായാണ് യുഎസ് ഇതിനെ കണക്കാക്കുന്നത്.
യു.എസ്. അക്കാദമിക് സ്ഥാപനങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി (സി.സി.പി) ബന്ധമുള്ള വ്യക്തികൾ നിയമവിരുദ്ധമായ ജൈവ വസ്തുക്കൾ രാജ്യത്തേക്ക് കടത്തുന്നതിന്റെ ഭാഗമാണിതെന്നും അധികാരികൾ ചൂണ്ടികാണിക്കുന്നു
അടുത്തിടെ കാർഷിക മേഖലയ്ക്ക് നാശം വിതയ്ക്കുന്ന ‘ഫ്യൂസേറിയം ഗ്രാമിനാരം’ എന്ന ഫംഗസ് കടത്തിയ രണ്ട് ചൈനീസ് പൗരന്മാരെ അമേരിക്കയിൽ അറസ്റ്റ് ചെയ്തിരുന്നു. യുഎസ് ഇന്റലിജൻസ് ഏജൻസിയായ എഫ്ബിഐ ആണ് ചൈനീസ് പൗരന്മാരായ 33 കാരനായ യുങ്കിംഗ് ജിയാനും 34 കാരനായ ജുൻയോങ് ലിയുവുവെയും അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ യുഎസിൽ നിരവധി ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
Discussion about this post