നെയ്‌റോബി : ഖത്തറിൽ നിന്നും കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. മധ്യ കെനിയയിൽ ഉണ്ടായ അപകടത്തിൽ ആറ് വിനോദസഞ്ചാരികൾ മരിച്ചു. 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്നും കർണാടകയിൽ നിന്നും ഉള്ളവരാണ് യാത്ര സംഘത്തിൽ ഉണ്ടായിരുന്നത്.
നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞും ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്. നകുരു കൗണ്ടിയിൽ നിന്ന് ലൈക്കിപിയ കൗണ്ടിയിലെ ന്യാഹുരുരു തോംസൺ വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോയിരുന്ന ബസ്സാണ് താഴ്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ ന്യാഹുരുരു കൗണ്ടി റഫറൽ ആശുപത്രിയിലേക്ക് മാറ്റിയതായി കെനിയൻ അധികൃതർ വ്യക്തമാക്കി.
തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു അപകടം നടന്നത്. മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നതാണ് അപകടത്തിന് കാരണമായത് എന്നാണ് കെനിയൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. പരിക്കേറ്റവരിൽ പലരുടെയും നിലാ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.









Discussion about this post