പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക മാറ്റവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി നീണ്ടുനിന്ന വോട്ടെടുപ്പ് ഇത്തവണ വെറും രണ്ട് ഘട്ടങ്ങളായി വെട്ടിക്കുറച്ചു. കേരളം, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിലാണ് ബംഗാളിലെ ഈ സുപ്രധാന മാറ്റം കമ്മീഷൻ വെളിപ്പെടുത്തിയത്. ഏപ്രിൽ 23, ഏപ്രിൽ 29 എന്നീ രണ്ട് തീയതികളിലായാണ് ബംഗാളിൽ ജനവിധി തേടുക.
സുരക്ഷാ സേനയുടെ വിന്യാസവും ക്രമസമാധാന നിലയും പരിശോധിച്ച ശേഷമാണ് എട്ട് ഘട്ടങ്ങളിൽ നിന്നും രണ്ട് ഘട്ടങ്ങളിലേക്ക് വോട്ടെടുപ്പ് ചുരുക്കിയത്. കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഏപ്രിൽ 9-ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുമ്പോൾ, ബംഗാളിലെ ഈ മാറ്റം ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയാവുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മാസത്തോളം നീണ്ടുനിന്ന പ്രചാരണവും വോട്ടെടുപ്പും വലിയ തോതിലുള്ള രാഷ്ട്രീയ വാക്പോരുകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇത്തവണ ഏപ്രിൽ അവസാനത്തോടെ ബംഗാൾ പോളിംഗ് ബൂത്തിലെത്തും. മെയ് 4-ന് മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം തന്നെ ബംഗാളിലും ഫലപ്രഖ്യാപനം നടക്കും. വരുംദിവസങ്ങളിൽ കേന്ദ്രസേനയുടെ വിന്യാസവും ബംഗാളിൽ കർശനമാക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.












