ന്യൂഡൽഹി: അതിർത്തിക്കപ്പുറത്ത് നിന്നുണ്ടാകുന്ന ഭീകരതയ്‌ക്കെതിരെ തിരിച്ചടിക്കാൻ ഇന്ത്യ മടിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻറെ ആവർത്തിച്ചുള്ള മുന്നറിയിപ്പ്. ഇന്ത്യയെ ആക്രമിക്കുന്നവരെ അത് പാകിസ്താൻ ഉൾപ്പെടെ ആരായിരുന്നാലും എവിടെയായിരുന്നാലും പിന്തുടർന്ന് തിരിച്ചടിക്കുമെന്ന് വളരെ വ്യക്തമായ ഭാഷയിൽ തന്നെ ജയശങ്കർ പറഞ്ഞു.
“ഭീകരർ ഇന്ത്യയെ ആക്രമിച്ചാൽ, പാകിസ്താനിൽ ഉൾപ്പെടെ അവർ എവിടെയായിരുന്നാലും ഞങ്ങൾ അവരെ വേട്ടയാടും. അതിർത്തി കടന്നുള്ള ഭീകരത തുടരുന്നിടത്തോളം, ഞങ്ങൾ തിരിച്ചടിക്കുകയും സ്വയം പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യും. അത് ഭാരതത്തിലെ ജനങ്ങളോടുള്ള അടിസ്ഥാന കടമയാണ്. ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തെയും മെയ് 7 ലെ ഇന്ത്യയുടെ തിരിച്ചടിയെയും പരാമർശിച്ചുകൊണ്ടായിരുന്നു ജയ്ശങ്കർ ഫ്രഞ്ച് ദിനപത്രമായ ലെ ഫിഗാരോയോട് സംസാരിച്ചത്.
ഇന്ത്യയുടെ തർക്കം ഒരു പ്രത്യേക രാജ്യവുമായിട്ടല്ലെന്നും ജയശങ്കർ വ്യക്തമാക്കി. ഇന്ത്യയും ഭീകരതയും തമ്മിലാണ് സംഘർഷം. ഭീകരത പോലുള്ള ഒരു വിഷയത്തിൽ, നിങ്ങൾക്ക് അവ്യക്തതയോ ഇരട്ടത്താപ്പോ അഭിനയിക്കാൻ കഴിയില്ല. ആത്യന്തികമായി, ഇത് നമ്മളെയെല്ലാം ആശങ്കപ്പെടുത്തുന്ന ഒരു പ്രശ്നമാണ്, ചൈനയ്ക്ക് പാകിസ്താനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ജയ്ശങ്കർ മറുപടി പറഞ്ഞു.
2020-ൽ കിഴക്കൻ ലഡാക്കിൽ നടന്ന സൈനിക ഏറ്റുമുട്ടലിനുശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ പ്രയാസങ്ങളുണ്ടായെന്നും ജയ്ശങ്കർ പറഞ്ഞു.അതിർത്തി പ്രദേശങ്ങളിൽ സമാധാനവും സ്ഥിരതയും എങ്ങനെ ഉറപ്പാക്കാം? അതില്ലെങ്കിൽ മറ്റെല്ലാം ബാധിക്കപ്പെടും ,ഞങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി ഇതാണ്, അദ്ദേഹം വ്യക്തമാക്കി.
എന്നിരുന്നാലും, നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് ഉൾപ്പെടെ ഉഭയകക്ഷി വിനിമയങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ ചില പുരോഗതി ഉണ്ടെന്നും അദ്ദേഹം സൂചന നൽകി.
ഇന്ത്യയുടെ ആന്തരിക വൈവിധ്യത്തെയും ആഗോള ധാരണയിൽ അതിന്റെ സ്വാധീനത്തെയും കുറിച്ചുള്ള പാശ്ചാത്യ വിമർശനത്തെ ജയ്ശങ്കർ തള്ളിക്കളഞ്ഞു. അത് വലിയതോതിൽ അതിശയോക്തിപരവും ചിലപ്പോൾ പൂർണ്ണമായും തെറ്റുമാണെന്ന് വിദേശകാര്യമന്ത്രി നിസംശയം വ്യക്തമാക്കി. മതം നമ്മുടെ സ്വത്വത്തിന്റെ ഒരു വശം മാത്രമാണ്. അതുകൊണ്ടാണ് നിങ്ങളുടെ ചോദ്യത്തിന്റെ അടിസ്ഥാനം ഞാൻ നിരസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സവിശേഷമായ ബഹുസ്വര സാംസ്കാരിക അടിത്തറയെ മന്ത്രി അടിവരയിട്ടു വ്യക്തമാക്കി. പല യൂറോപ്യൻ രാജ്യങ്ങളിലും കാണപ്പെടുന്ന ആപേക്ഷിക ഏകീകൃത സംസ്ക്കാരവുമായി അതിനെ താരതമ്യം ചെയ്തുകൊണ്ടും മന്ത്രി സംസാരിച്ചു.
Discussion about this post