വാഷിംഗ്ടൺ : ലോസ് ഏഞ്ചൽസിൽ കുടിയേറ്റ വിരുദ്ധ റെയ്ഡിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിൽ വ്യാപക കൊള്ള. നഗരത്തിലെ പല പ്രമുഖ ബ്രാൻഡുകളുടെയും സ്റ്റോറുകൾ കൊള്ളയടിച്ചു. മാസ്ക് ധരിച്ചു എത്തിയവരാണ് സ്ഥാപനങ്ങൾ കൊള്ളയടിക്കുന്നത്. മാസ്ക്ധാരികളെ കണ്ടാൽ ഉടൻതന്നെ അറസ്റ്റ് ചെയ്യണമെന്ന് കഴിഞ്ഞദിവസം പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയിരുന്നു.
സ്ഥിതിഗതികൾ വഷളായതിനെത്തുടർന്ന്, മേയർ കാരെൻ ബാസ് പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷങ്ങൾക്കിടെ കഴിഞ്ഞദിവസം ഒരു കൂട്ടം മാസ്ക് ധാരികൾ ഇരച്ചെത്തി നഗരത്തിലെ ആപ്പിൾ സ്റ്റോർ കൊള്ളയടിച്ചു. നിരവധി ഐഫോണുകളും മറ്റ് ആപ്പിൾ ഉൽപ്പന്നങ്ങളും ഇവിടെ നിന്നും മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയി. കൂടാതെ സ്ഥാപനം അടിച്ചു തകർക്കുകയും ചെയ്തു.
അഡിഡാസ് ഷോറൂമിലും സമാനമായ രീതിയിൽ കൊള്ള നടന്നു. പ്രമുഖ ബ്രാൻഡുകളുടെ സ്റ്റോറുകൾ കൂടാതെ ഫാർമസികൾ, മരിജുവാന ഡിസ്പെൻസറികൾ, ജ്വല്ലറി ഷോപ്പുകൾ തുടങ്ങിയ മറ്റ് റീട്ടെയിൽ ഔട്ട്ലെറ്റുകളും കൊള്ളയടിക്കപ്പെട്ടു. അക്രമവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആപ്പിൾ സ്റ്റോർ മോഷണം നടന്ന സ്ഥലത്ത് നിന്നും ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതായും ലോസ് ഏഞ്ചൽസ് പോലീസ് വ്യക്തമാക്കി.
Discussion about this post