വാഷിംഗ്ടൺ : ഗാസയിലേക്ക് സഹായം എത്തിക്കാൻ പോകുന്നതിനിടെ ഇസ്രായേൽ സൈന്യം തടഞ്ഞ് നാടുകടത്തിയ ഗ്രേറ്റ തൻബർഗിനെതിരെ പരിഹാസവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രേറ്റ തൻബർഗ് ഒരു വിചിത്ര വ്യക്തി ആണെന്ന് ട്രംപ് പ്രതികരിച്ചു. ആ കുട്ടിക്ക് ഇപ്പോൾ ആവശ്യം കോപം നിയന്ത്രിക്കുന്നതിനുള്ള ഒരു ക്ലാസ്സ് ആണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഗാസയിലേക്ക് ദുരിതാശ്വാസ സഹായം എത്തിക്കാനായി ഗ്രേറ്റ തൻബർഗ് ഉൾപ്പെടുന്ന ഏതാനും ആക്ടിവിസ്റ്റുകളുടെ ഒരു സംഘം നടത്തിയ കപ്പൽ യാത്രയെ കുറിച്ചുള്ള ചോദ്യത്തിന് ആയിരുന്നു ഈ മറുപടി. തിങ്കളാഴ്ച പുലർച്ചെ അന്താരാഷ്ട്ര ജലാശയത്തിൽ വെച്ച് 22 കാരിയായ തൻബെർഗിനെയും മറ്റ് സംഘാംഗങ്ങളെയും ഇസ്രായേൽ സൈന്യം തടയുകയും കപ്പൽ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇസ്രായേൽ പ്രതിരോധ സേന കസ്റ്റഡിയിലെടുത്ത ഗ്രേറ്റ തൻബർഗിനെ പിന്നീട് ഫ്രാൻസിലേക്ക് നാടുകടത്തിയിരുന്നു. ഇസ്രായേൽ സൈന്യം തങ്ങളെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ഈ സംഭവത്തെ ഗ്രേറ്റ തൻബർഗ് വിശേഷിപ്പിച്ചിരുന്നത്.
തിങ്കളാഴ്ച ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇടയിലാണ് ഗ്രേറ്റ തൻബർഗ് വിഷയം കടന്നുവന്നത്. ” ഗ്രേറ്റ തൻബർഗ് ഒരു കോപാകുലയായ ചെറുപ്പക്കാരിയാണ്. ഒരു വിചിത്ര വ്യക്തിയാണ് അവർ. അവർ കാണിക്കുന്ന ഈ കോപം എല്ലാം ശരിക്കും ഉള്ളതാണോ എന്ന് എനിക്ക് അറിയില്ല. വിശ്വസിക്കാൻ ശരിക്കും പ്രയാസമാണ്. ആ കുട്ടിയെ ഒരു ആംഗർ മാനേജ്മെന്റ് ക്ലാസിന് അയക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ദേഷ്യം നിയന്ത്രിക്കാൻ പഠിക്കേണ്ടതുണ്ട്. അവൾക്ക് നൽകാൻ എനിക്ക് കഴിയുന്ന ഒരേയൊരു ശുപാർശ അത് മാത്രമാണ്” എന്നായിരുന്നു ട്രംപ് ഈ ചോദ്യത്തിന് മറുപടി നൽകിയത്.
Discussion about this post