പഞ്ചാബി ഗായകനായ സിദ്ധു മൂസ് വാലയുടെ കൊലപാതകം വിശദീകരിച്ച് ബിബിസി ഡോക്യുമെന്ററി. മുഖ്യപ്രതിയായ ഗുണ്ടാനേതാവ് ഗോൾഡി ബ്രാർ കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ ബിബിസി ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തി. സിദ്ധു മൂസ് വാലയുടെ കൊലപാതകത്തിന് ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവൻ ആയ ഗോൾഡി ബ്രാറിന്റെ വിശദീകരണം പുറത്തുവന്നിരിക്കുന്നത്.
കൊലപാതകത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ചെയ്ത പ്രവൃത്തിയിൽ യാതൊരു പശ്ചാത്താപവും ഇല്ലെന്നും ഗോൾഡി ബ്രാർ വ്യക്തമാക്കി. 2022 മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിലെ ജവഹർ കെ ഗാവോണിൽ വെച്ചാണ് 28 കാരനായ സിദ്ധു മൂസ്വാല വെടിയേറ്റ് മരിച്ചത്. പഞ്ചാബ് സർക്കാർ അദ്ദേഹത്തിന്റെ സുരക്ഷാ പരിരക്ഷ കുറച്ചതിന് ഒരു ദിവസത്തിന് ശേഷമായിരുന്നു കൊലപാതകം നടന്നത്. ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള ഗുണ്ടാ സംഘം ആണ് പഞ്ചാബി ഗായകനെ കൊലപ്പെടുത്തിയത്.
സിദ്ദു മൂസ് വാലയുടെ പ്രവൃത്തികൾ കാരണം അയാളെ കൊല്ലുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള ഗോൾഡി ബ്രാർ ബിബിസിയോട് പറഞ്ഞു. തന്റെ അഹങ്കാരത്താൽ ക്ഷമിക്കാൻ കഴിയാത്ത ചില തെറ്റുകൾ അയാൾ ചെയ്തു. കൊല്ലുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ലായിരുന്നു. സ്വന്തം പ്രവൃത്തികൾക്ക് അയാൾക്ക് വില നൽകേണ്ടിവന്നു എന്നായിരുന്നു ഗോൾഡി ബ്രാറിന്റെ പ്രതികരണം. പഞ്ചാബിലെ ഒരു കബഡി ടൂർണമെന്റിനെച്ചൊല്ലിയാണ് സംഘർഷം ആരംഭിച്ചതെന്നും ഗോൾഡി ബ്രാർ സൂചിപ്പിച്ചു.
“ലോറൻസും സിദ്ദു മൂസ് വാലയുമായി കുറച്ചുകാലം അടുപ്പമുണ്ടായിരുന്നു. ആരാണ് അവരെ തമ്മിൽ പരിചയപ്പെടുത്തിയതെന്ന് അറിയില്ല. ലോറൻസിന് സിദ്ദു ഗുഡ്മോണിങ്, ഗുഡ് നൈറ്റ് മെസ്സേജുകൾ അയക്കാറുണ്ടായിരുന്നു. ബിഷ്‌ണോയി വിഭാഗത്തിന്റെ കടുത്ത എതിരാളിയായ ബംബിഹ സംഘം സംഘടിപ്പിച്ച ഒരു ടൂർണമെന്റിനെ സിദ്ധു പരസ്യമായി പ്രോത്സാഹിപ്പിച്ചതിനെത്തുടർന്നാണ് കാര്യങ്ങൾ ശത്രുതയിലേക്ക് നീങ്ങിയത്. ഞങ്ങളുടെ എതിരാളികൾ ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്. സിദ്ദു ഞങ്ങളുടെ എതിരാളികളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അപ്പോഴാണ് ലോറൻസും മറ്റുള്ളവരും അദ്ദേഹത്തോട് ദേഷ്യപ്പെട്ടത്. അവർ സിദ്ധുവിനെ ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തെ വെറുതെ വിടില്ലെന്ന് പറയുകയും ചെയ്തു.”
“പിന്നീട് യൂത്ത് അകാലിദൾ നേതാവും ബിഷ്‌ണോയിയുടെ കൂട്ടാളിയുമായ വിക്കി എന്നറിയപ്പെടുന്ന വിക്കി വിക്രംജിത് സിംഗ് മിദ്ദുഖേരയാണ് തർക്കം പരിഹരിച്ചത്. 2021 ഓഗസ്റ്റ് 7 ന് മൊഹാലിയിലെ സെക്ടർ 71 ൽ പട്ടാപ്പകൽ വിക്കിയെ വെടിവച്ചു കൊന്നതോടെ ആണ് കാര്യങ്ങൾ ആകെ മാറിമറിഞ്ഞത്. വിക്കിയുടെ കൊലപാതകവുമായി സിദ്ദു മൂസ്വാലയ്ക്ക് ബന്ധമുണ്ടെന്ന് ലോറൻസ് മനസ്സിലാക്കി. സംഭവം അന്വേഷിച്ച പോലീസിനും പത്രപ്രവർത്തകർക്കും ഉൾപ്പെടെ എല്ലാവർക്കും സിദ്ധുവിന്റെ പങ്ക് അറിയാമായിരുന്നു. പക്ഷേ സിദ്ദു തന്റെ പണവും രാഷ്ട്രീയവും അധികാരവും ഉപയോഗിച്ച് സ്വയം രക്ഷപ്പെടുകയും ഞങ്ങളുടെ ശത്രുക്കളെ സഹായിക്കുകയും ചെയ്തു. അവനെതിരെ കേസെടുക്കാനോ ജയിലിൽ അടയ്ക്കാനോ ആരും തയ്യാറായില്ല. അപ്പോൾ അവൻ ചെയ്തതിനുള്ള ശിക്ഷ അനുഭവിക്കണം എന്ന് ഞങ്ങൾ തീരുമാനിച്ചു. അവനുള്ള ശിക്ഷ നൽകുന്നത് ഞങ്ങൾ സ്വയം ഏറ്റെടുത്തു” എന്നുമാണ് ഗോൾഡി ബ്രാർ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. സിദ്ധു മൂസ് വാലയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് ബിബിസി ഈ ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.
Discussion about this post