ന്യൂഡൽഹി : അഡ്രസ്സിന്റെയും പിൻകോഡിന്റെയും കാലമെല്ലാം കഴിഞ്ഞെന്ന് വ്യക്തമാക്കി ‘ഡിജിപിൻ’ എന്ന നൂതന ആശയം അവതരിപ്പിച്ചിരിക്കുകയാണ് തപാൽ വകുപ്പ്. ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ ആണ് ‘ഡിജിപിൻ’ എന്നറിയപ്പെടുന്നത്. തപാൽ വിലാസവും കൃത്യമായ ലൊക്കേഷനും കണ്ടെത്തുന്നതിന് ഏറ്റവും ഫലപ്രദമായ രീതിയിലാണ് ഡിജിപിൻ തയ്യാറാക്കിയിരിക്കുന്നത്. തപാൽ വകുപ്പിന്റെ ഈ പുതിയ നടപടി പ്രകാരം ഓരോ വീടുകൾക്കും പ്രത്യേക ഡിജിപിൻ നമ്പർ ഉണ്ടായിരിക്കുന്നതാണ്.
സാധാരണ തപാൽ വിലാസം പ്രദേശം, തെരുവ്, വീട്ടു നമ്പറുകൾ എന്നിവയെ ആശ്രയിച്ചായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഡിജിപിൻ നിങ്ങളുടെ വീട് ഏത് പ്രദേശത്താണെന്ന് കൃത്യമായ മാപ്പിങ്ങിലൂടെ കണ്ടെത്താൻ സഹായിക്കുന്നതാണ്. അക്ഷാംശ, രേഖാംശ കോർഡിനേറ്റുകളെ അടിസ്ഥാനമാക്കി ഇന്ത്യയെ ഏകദേശം 4m×4m ഗ്രിഡുകളായി വിഭജിക്കുകയും ഓരോ ഗ്രിഡിനും വ്യത്യസ്തമായ 10 പ്രതീകങ്ങളുള്ള ആൽഫാന്യൂമെറിക് നമ്പർ നൽകുകയും ചെയ്താണ് തപാൽ വകുപ്പ് ഡിജിപിൻ സൃഷ്ടിച്ചിരിക്കുന്നത്. ഐഐടി ഹൈദരാബാദ്, എൻആർഎസ്‌സി, ഐഎസ്ആർഒ എന്നിവയുമായി സഹകരിച്ചാണ് തപാൽ വകുപ്പ് ഓപ്പൺ സോഴ്‌സ് ഡിജിപിൻ ദേശീയ ജിയോ-കോഡഡ് അഡ്രസിംഗ് സിസ്റ്റം സൃഷ്ടിച്ചത്.
ഇന്ത്യയിലെ എല്ലാ വീടുകൾക്കും തനതായ ഡിജിറ്റൽ വിലാസം എന്നതാണ് തപാൽ വകുപ്പ് ഈ പുതിയ പദ്ധതിയിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. ഭൂമിശാസ്ത്രപരമായ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു ഡിജിറ്റൽ വിലാസ സംവിധാനമാണിത്. നിലവിൽ പ്രാരംഭഘട്ടത്തിലുള്ള ഡിജിപിൻ 12 അക്ക ആൽഫാന്യൂമെറിക് പിൻ നമ്പർ ആയാണ് ലഭിക്കുക. ഭാവിയിൽ ഇതോടൊപ്പം നിങ്ങളുടെ പേരും വീട്ടുനമ്പറും നൽകാൻ കഴിയുന്നതാണ്. പോസ്റ്റൽ സേവനങ്ങൾ കൂടാതെ ഏത് അടിയന്തര ആവശ്യങ്ങൾക്കും നിങ്ങളുടെ ലൊക്കേഷൻ കൃത്യമായി മനസ്സിലാക്കുന്നത് ഡിജിപിൻ സംവിധാനം എളുപ്പമാക്കുന്നു.
നിങ്ങളുടെ വീടിന്റെ ഡിജിപിൻ എന്താണെന്ന് അറിയാൻ സ്വയം ഓൺലൈനിൽ പരിശോധിക്കാൻ കഴിയുന്നതാണ്. dac.indiapost.gov.in/mydigipin/home എന്ന തപാൽ വകുപ്പിന്റെ പോർട്ടലിലൂടെ നിങ്ങളുടെ വീടിന്റെ ലൊക്കേഷൻ പെർമിഷൻ നൽകിയാൽ നിങ്ങളുടെ ഡിജിപിൻ ഉടനടി ലഭ്യമാക്കുന്നതാണ്. മൊബൈൽ ഫോണിൽ ലൊക്കേഷൻ ആക്സസ് നൽകിയശേഷം dac.indiapost.gov.in/mydigipin/home എന്ന പോർട്ടൽ തിരഞ്ഞെടുക്കുക. തുടർന്ന് സൈറ്റിന് നിങ്ങളുടെ ലൊക്കേഷൻ ആക്‌സസ് ചെയ്യാൻ അനുമതി നൽകുന്നതിന് ‘Allow’ ക്ലിക്ക് ചെയ്യുക. ഇനി ഡിജിപിന്നിന്റെ സ്വകാര്യതാ നയ നിബന്ധനകൾ പാലിച്ചതിന് ശേഷം ‘I Consent’ ക്ലിക്ക് ചെയ്യുക. സ്‌ക്രീനിന്റെ താഴെ വലതുവശത്ത് നിങ്ങളുടെ പ്രത്യേക ഡിജിപിൻ ദൃശ്യമാകുന്നതാണ്.
Discussion about this post