ടെഹ്‌റാൻ : ഇസ്രായേൽ വ്യോമാക്രമണത്തിൽ മുൻ സൈനിക മേധാവി കൊല്ലപ്പെട്ടതോടെ പുതിയ സൈനിക മേധാവിയെ നിയമിച്ച് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമേനി. മേജർ ജനറൽ അമീർ ഹതാമി ആണ് ഇറാന്റെ പുതിയ സൈനിക മേധാവിയായി നിയമിക്കപ്പെട്ടത്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ കരസേനയുടെ ചീഫ് കമാൻഡറായി മേജർ ജനറൽ അമീർ ഹതാമി നിയമിക്കപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇറാൻ സൈനിക നേതൃത്വത്തിന്റെ ഉന്നതതല യോഗത്തിലാണ് പുതിയ സൈനിക മേധാവിയെ തിരഞ്ഞെടുത്തത്. 2013 മുതൽ 2021 വരെ ഇറാന്റെ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഹതാമി. ഹതാമിയുടെ സമർപ്പണം, കഴിവ്, അനുഭവപരിചയം എന്നിവയാണ് നിയമനത്തിനുള്ള അടിസ്ഥാനമെന്ന് ഖമേനി പറഞ്ഞു.
ഇറാന്റെ പോരാട്ട സന്നദ്ധതയും സൈനിക ഐക്യവും വർദ്ധിപ്പിക്കണമെന്നും ആയത്തുള്ള ഖമേനി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ആത്മീയവും പ്രത്യയശാസ്ത്രപരവുമായ അടിത്തറ ശക്തിപ്പെടുത്തുക, സായുധ സേനയുടെ മറ്റ് ശാഖകളുമായുള്ള സഹകരണം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ഖമേനി പുതിയ സൈനിക മേധാവിക്ക് മുൻപിൽ വെച്ചിട്ടുള്ളത്.
Discussion about this post