ന്യൂഡൽഹി : ബോയിംഗ് 787 വിമാനങ്ങളിൽ നിർബന്ധിത സുരക്ഷാ പരിശോധനകൾ നടക്കുന്നതിനാൽ സർവീസുകളിൽ കാലതാമസം ഉണ്ടാകുമെന്ന് എയർ ഇന്ത്യയുടെ മുന്നറിയിപ്പ്. ദീർഘദൂര റൂട്ടുകളിൽ കാലതാമസമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് എയർ ഇന്ത്യ അറിയിച്ചിട്ടുള്ളത്. ഇന്ത്യൻ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ നിർദ്ദേശിച്ച സുരക്ഷാ പരിശോധനകൾ ആണ് എയർ ഇന്ത്യ നടത്തിവരുന്നത്.
ഡ്രീംലൈനർ വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ഡിജിസിഎ കർശനമായ സുരക്ഷാ പരിശോധനയ്ക്ക് ഉത്തരവിട്ടത്. എയർ ഇന്ത്യയുടെ ബോയിംഗ് 787-8, 787-9 വിമാനങ്ങളിലാണ് കർശനമായ സുരക്ഷാപരിശോധന നടത്തുന്നത്. നിലവിൽ 9 വിമാനങ്ങളുടെ പരിശോധന പൂർത്തിയായതായി എയർ ഇന്ത്യ വ്യക്തമാക്കി. 24 വിമാനങ്ങളുടെ പരിശോധന കൂടി ബാക്കിയുണ്ട്. ഇത് ഉടൻതന്നെ പൂർത്തിയാകും എന്നാണ് എയർ ഇന്ത്യ അറിയിക്കുന്നത്.
അഹമ്മദാബാദ്-ലണ്ടൻ വിമാനാപകടത്തെ തുടർന്നാണ് ഡ്രീംലൈനർ വിമാനങ്ങളുടെ പരിശോധനകൾ വർദ്ധിപ്പിച്ചത്. 2011ലാണ് ബോയിംഗ് 787 വിമാനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറങ്ങിയിരുന്നത്. ജെൻഎക്സ് എഞ്ചിനുകൾ ഉള്ള എല്ലാ ഡ്രീംലൈനറുകളിലും സമഗ്രമായ പരിശോധനകൾ നടത്താനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടിട്ടുള്ളത്.
Discussion about this post