ടെൽ അവീവ് : ഇസ്രായേലിനെതിരായ മിസൈൽ ആക്രമണങ്ങൾ തുടർന്നാൽ ഇറാന്റെ തലസ്ഥാനം കത്തിച്ചാമ്പലാവുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്. ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ, മൊസാദ് ഡയറക്ടർ ഡേവിഡ് ബാർണിയ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ പ്രതികരണം. ഇസ്രായേലി സിവിലിയന്മാർക്കെതിരായ ക്രിമിനൽ ആക്രമണത്തിന് ഇറാൻ കനത്ത വില നൽകേണ്ടിവരുമെന്ന് ഇസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെയാണ് ഇസ്രായേൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്. ‘റൈസിംഗ് ലയൺ’ എന്ന ഈ ഓപ്പറേഷനിലൂടെ നടാൻസും ഇസ്ഫഹാനും ഉൾപ്പെടെയുള്ള ഇറാന്റെ സെൻസിറ്റീവ് ആണവ കേന്ദ്രങ്ങളെ ഇസ്രായേൽ തകർത്തു. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സൈനിക മേധാവിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും 9 മുതിർന്ന ഇറാനിയൻ ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു.
ഇസ്രായേൽ വ്യോമാക്രമണത്തിന് പ്രതികാരമായി ഇറാൻ ഇസ്രായേലിലെ വിവിധ നഗരങ്ങളിൽ മിസൈൽ ആക്രമണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഇതുവരെയുള്ള ആക്രമണങ്ങളിൽ ഇറാനിൽ 78 പേർ കൊല്ലപ്പെടുകയും 300 ലേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേലിൽ 3 പേർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post