മുംബൈ : പൂനെയിൽ പാലം തകർന്നുണ്ടായ അപകടത്തിൽ നിരവധി പേർ ഒഴുക്കിൽപ്പെട്ടു. പൂനെയിലെ തലേഗാവ് പ്രദേശത്ത് ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള ഒരു പഴയ പാലം തകർന്നുവീണാണ് അപകടമുണ്ടായത്. 20ലേറെ പേർ ഒഴുക്കിൽപ്പെട്ട് പോയതായാണ് അധികൃതർ വ്യക്തമാക്കുന്നത്. മുപ്പതിലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘങ്ങളും അഗ്നിശമന സേന ഉൾപ്പെടെയുള്ള മറ്റ് പ്രത്യേക യൂണിറ്റുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പാലത്തിന്റെ തകർന്നു കിടക്കുന്ന അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് സൂചന. വിനോദസഞ്ചാരികളുടെ വലിയ തിരക്കായിരുന്നു അപകട സമയത്ത് ഇവിടെ ഉണ്ടായിരുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ പെയ്യുകയാണ്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് നദിയിൽ നിർമ്മിച്ച ഇരുമ്പ് പാലം തകർന്ന് നദിയിലേക്ക് പതിക്കുകയായിരുന്നു. ഈ സമയം ശക്തമായ ഒഴുക്കായിരുന്നു നദിയിൽ ഉണ്ടായിരുന്നത്. ഇതോടെയാണ് അപകടത്തിൽപ്പെട്ടവർ ഒഴുക്കിൽപ്പെട്ടത്. ആറോളം പേരെ രക്ഷിച്ചതായും പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.
Discussion about this post