പട്ന : രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവിനെതിരെ ബീഹാറിലെ ദളിത് സംഘടനകൾ രംഗത്ത്. അംബേദ്കറുടെ ഫോട്ടോ കാൽക്കീഴിൽ വച്ച് അപമാനിച്ചതായാണ് ലാലു പ്രസാദ് യാദവിനെതിരെ പരാതി ഉയർന്നിരിക്കുന്നത്. പരാതി ലഭിച്ചതിനെത്തുടർന്ന് വിശദീകരണം ആവശ്യപ്പെട്ട് ബീഹാർ പട്ടികജാതി കമ്മീഷൻ ലാലു പ്രസാദ് യാദവിന് നോട്ടീസ് അയച്ചു.
ഡോ. ബി.ആർ. അംബേദ്കറുടെ 78-ാം ജന്മദിനാഘോഷ വേളയിൽ ആണ് ലാലു പ്രസാദ് യാദവ് ഈ അപമാനകരമായ പ്രവൃത്തി നടത്തിയത്. 15 ദിവസത്തിനുള്ളിൽ രേഖാമൂലം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പട്ടികജാതി കമ്മീഷൻ ഞായറാഴ്ച ലാലു യാദവിന് നോട്ടീസ് നൽകി. നിശ്ചിത സമയപരിധിക്കുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് കമ്മീഷൻ വൈസ് ചെയർമാൻ ദേവേന്ദ്ര കുമാർ നൽകിയ നോട്ടീസിൽ പറയുന്നു.
ആർജെഡി അംബേദ്കറെയും ദളിത് വികാരങ്ങളെയും നിരന്തരം അപമാനിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ആർജെഡിയുടെ ‘ഭരണഘടനാ വിരുദ്ധ പ്രത്യയശാസ്ത്രത്തെ’ ഈ സംഭവം തുറന്നുകാട്ടിയെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല അഭിപ്രായപ്പെട്ടു. പട്ടികജാതിക്കാരെയും ദലിതരെയും അപമാനിച്ചത് ആർജെഡിയുടെയും സഖ്യകക്ഷികളായ കോൺഗ്രസിന്റെയും ഇന്ത്യ സഖ്യത്തിന്റെയും യഥാർത്ഥ ഐഡന്റിറ്റിയെ പ്രതിനിധീകരിക്കുന്നു. ബിആർ അംബേദ്കറുടെ ചിത്രം ലാലു പ്രസാദ് യാദവിന്റെ കാൽക്കീഴിൽ വച്ച രീതിയും അംബേദ്കറുടെ ചിത്രത്തിനൊപ്പം കാണിച്ച അസഭ്യവും ആർജെഡിയുടെ യഥാർത്ഥ സ്വഭാവമാണ് വെളിപ്പെടുത്തിയത് എന്നും ഷെഹ്‌സാദ് പൂനവാല വ്യക്തമാക്കി.
Discussion about this post