ലോകരാഷ്ട്രങ്ങൾക്കിടയിൽ യുദ്ധങ്ങളും സംഘർഷങ്ങളും വ്യാപകമായിരിക്കുന്ന ഈ സാഹചര്യത്തിൽ വിവിധ ലോകരാജ്യങ്ങളുടെ കൈവശമുള്ള ആണവായുധ ശേഷിയുടെ പുതിയ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI). 2025 ജനുവരി വരെയുള്ള കണക്ക് അനുസരിച്ചുള്ള റിപ്പോർട്ട് ആണ് SIPRI പുറത്തുവിട്ടിരിക്കുന്നത്. ആണവായുധ ശേഷിയിൽ ഇന്ത്യ മുൻവർഷത്തേക്കാൾ കൂടുതൽ നില മെച്ചപ്പെടുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
സ്വീഡൻ ആസ്ഥാനമായുള്ള ഒരു സ്വതന്ത്ര സ്ഥാപനമായ SIPRI, 1966 മുതൽ ആഗോള ആയുധങ്ങൾ, നിരായുധീകരണം, അന്താരാഷ്ട്ര സുരക്ഷാ പ്രവണതകൾ എന്നിവ നിരീക്ഷിച്ചുവരുന്ന സംഘടനയാണ്. ആണവ ശക്തികളായ രാജ്യങ്ങളുടെ ആയുധ ശേഷിയെ കുറിച്ച് ഏറ്റവും വിശ്വസനീയമായ വിലയിരുത്തലുകളിൽ ഒന്നായി സംഘടനയുടെ വാർഷിക റിപ്പോർട്ടുകൾ വിലയിരുത്തപ്പെടുന്നു. 2025 ജനുവരി വരെയുള്ള കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ ഉള്ള രാജ്യം റഷ്യയാണ്.
4309 ന്യൂക്ലിയർ വാർഹെഡുകളുടെ ശേഖരമുള്ള റഷ്യ ഒന്നാംസ്ഥാനത്തും 3700 ന്യൂക്ലിയർ വാർഹെഡുകൾ ശേഖരത്തിൽ ഉള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക രണ്ടാം സ്ഥാനത്തും നിലകൊള്ളുന്നു. 600 ആണവായുധങ്ങളുമായി ചൈന മൂന്നാംസ്ഥാനത്തും 290 ആണവായുധങ്ങളുമായി ഫ്രാൻസ് നാലാം സ്ഥാനത്തും
225 ആണവായുധങ്ങളുമായി യുകെ അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്.
180 ആണവായുധങ്ങളുമായി ഇന്ത്യ ആറാം സ്ഥാനത്താണ് ഉള്ളത്. 2024ൽ ഇന്ത്യയുടെ കൈവശം 172 ന്യൂക്ലിയർ വാർഹെഡുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ഒരു വർഷത്തിനുള്ളിൽ എട്ട് പുതിയ ആണവായുധങ്ങളാണ് ഇന്ത്യ തങ്ങളുടെ ആയുധശേഖരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം പാകിസ്താൻ 2024ലെ അതേ സംഖ്യയായ 170 ൽ നിൽക്കുകയാണ്. ഇസ്രായേലിന്റെ കൈവശം 90 ന്യൂക്ലിയർ വാർഹെഡുകളാണ് ഉള്ളത്. ഉത്തരകൊറിയയുടെ കൈവശം 50 ആണവായുധങ്ങളും ഉണ്ട് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Discussion about this post