ന്യൂഡൽഹി : യുഎസ് സന്ദർശിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കാനഡയിലെ കാൽഗറിയിൽ നടന്ന ജി 7 ഉച്ചകോടിക്ക് ശേഷമാണ് മോദിയെ ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചത്. എന്നാൽ മറ്റു തിരക്കുകൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രധാനമന്ത്രി ക്ഷണം നിരസിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.
ട്രംപിന്റെ ക്ഷണം തിരക്കുകൾ ചൂണ്ടിക്കാട്ടി നിരസിച്ച മോദി പകരം യുഎസ് പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിൽ ഒരു മൂന്നാംകക്ഷിയുടെയും ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉറപ്പിച്ചു വ്യക്തമാക്കിയിരുന്നു. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒരു മധ്യസ്ഥതക്കും ഇന്ത്യ വഴങ്ങില്ല എന്നും അദ്ദേഹം ഡൊണാൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കി. വെടിനിർത്തൽ വിഷയത്തിൽ ട്രംപിന്റെ അവകാശവാദം നിരാകരിച്ച ഇന്ത്യയുടെ നീരസം തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് കാനഡയിൽ നിന്നും മടങ്ങുമ്പോൾ അമേരിക്കയിലേക്ക് വരാമോ എന്ന് ട്രംപ് മോദിയോട് അഭ്യർത്ഥിച്ചത്.
ഒരു ദശാബ്ദത്തിനു ശേഷമുള്ള തന്റെ ആദ്യ കാനഡ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി മോദി ക്രൊയേഷ്യയിലേക്ക് യാത്രതിരിച്ചു. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് ക്രൊയേഷ്യ സന്ദർശിക്കുന്നത്. നാലു ദിവസങ്ങളിലായി നടക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിലെ അവസാന രാജ്യമാണ് ക്രൊയേഷ്യ.
Discussion about this post