നരേന്ദ്രമോദി പ്രധാനമന്ത്രിയായി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയതിന് പിന്നാലെ നിരവധി സംസ്ഥാനങ്ങളിൽ ബിജെപി വലിയ വളർച്ചയാണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലും ബിജെപിയുടെ വളർച്ച പ്രകടമാണ്. ആദ്യമായി കേരളത്തിൽ നിന്നൊരു ലോക്സഭാ മെമ്പറെ പോലും ബിജെപിക്ക് ലഭിച്ചു. ദേശീയ സുരക്ഷയുടെ കാര്യത്തിൽ നരേന്ദ്രമോദി സർക്കാരിനെ കണ്ണടച്ച് വിശ്വസിക്കാം എന്നാണ് ഇന്ന് ഇന്ത്യൻ ജനത ഒന്നാകെ പറയുന്നത്. കേരളത്തിലെ ജനങ്ങൾക്കും ഈ അഭിപ്രായത്തിൽ മാറ്റമില്ല.
അടുത്തിടെ കേരളത്തിലെ 50 നിയമസഭാ മണ്ഡലങ്ങളിലായി ‘പൊളിറ്റിക്കൽ വൈബ്’ നടത്തിയ ഒരു സർവേയുടെ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് കേരള ജനതയ്ക്ക് വന്ന മാറ്റമാണ്. സമൂഹമാധ്യമങ്ങളുടെ ഉപയോഗം കൂടി വ്യാപകമായതോടെ ബിജെപിയെ ജനങ്ങൾ കൂടുതൽ അറിയാൻ തുടങ്ങിയിരിക്കുന്നു. ഇതോടെ കേരളത്തിലെ ജനങ്ങളുടെ ചിന്താഗതികളിലും മാറ്റങ്ങൾ വന്നിരിക്കുകയാണ്. വിവിധ മണ്ഡലങ്ങളിൽ നിന്നായി 2184 പേർ പങ്കെടുത്ത സർവേയിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ പോലും കേന്ദ്രസർക്കാരിന് ലഭിക്കുന്നു.
ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ വെടിനിർത്തൽ അംഗീകരിച്ച ഇന്ത്യയുടെ തീരുമാനത്തെ സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പിന്തുണയ്ക്കുകയാണ്. വെടിനിർത്തൽ കരാറിൽ എത്തിയതിൽ 80 ശതമാനത്തോളം പേർ സംതൃപ്തരാണെന്ന് സർവ്വേ വ്യക്തമാക്കുന്നു. ഇന്ത്യയിൽ മോദി സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ എത്തും എന്ന് വിശ്വസിക്കുന്നവർ 45.86 ശതമാനം പേരാണ്. സർവ്വേ റിപ്പോർട്ടിലെ മറ്റൊരു പ്രധാന കാര്യം ക്രിസ്ത്യൻ ജനവിഭാഗത്തിനിടയിൽ ബിജെപിക്ക് പിന്തുണ വർദ്ധിക്കുന്നു എന്നുള്ളതാണ്.
ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ ഇന്ത്യ നിർണ്ണായക വിജയം സ്വന്തമാക്കിയെന്ന് 82.66 ശതമാനം പേർ വിശ്വസിക്കുന്നു. കേന്ദ്രത്തിൽ നരേന്ദ്രമോദിക്ക് പകരം രാഹുൽ ഗാന്ധിയായിരുന്നു പ്രധാനമന്ത്രിയായിരുന്നതെങ്കിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമായിരുന്നോ എന്ന ചോദ്യത്തിന് 65.73 ശതമാനം ആളുകളും ഇല്ല എന്നാണ് ഉത്തരം നൽകിയത്.
എന്നാൽ ഇതേ സർവ്വേയിൽ കേരളത്തിലെ മുസ്ലിം ന്യൂനപക്ഷ വിഭാഗം ബിജെപി സർക്കാരിനോടുള്ള താല്പര്യകുറവും പ്രകടിപ്പിച്ചു.
കേന്ദ്രസർക്കാർ ആധുനിക സൈനിക സാമഗ്രികളും ആയുധങ്ങളും വാങ്ങിയതാണ് സംഘർഷ സമയത്ത് ഇന്ത്യയ്ക്ക് നിർണായക സഹായമായത് എന്ന് മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിലെ 79.40 ശതമാനം പേർ അഭിപ്രായപ്പെട്ടു. എങ്കിലും നരേന്ദ്രമോദി സർക്കാർ തന്നെ അടുത്ത തവണയും അധികാരത്തിൽ എത്തുമോ എന്ന് ചോദ്യത്തിന് 27.85% പേർ മാത്രമാണ് അതെ എന്ന് ഉത്തരം നൽകിയത്. മോദിക്ക് പകരം രാഹുൽഗാന്ധി ആയിരുന്നു കേന്ദ്രത്തിൽ അധികാരത്തിൽ ഉണ്ടായിരുന്നതെങ്കിൽ യുദ്ധ സാഹചര്യവും കൂടുതൽ നന്നായി കൈകാര്യം ചെയ്യും എന്നാണ് 59.06 ശതമാനം ന്യൂനപക്ഷ വിഭാഗം വിശ്വസിക്കുന്നത്.
മൊത്തം സർവ്വേയുടെ കാര്യമെടുത്താൽ പ്രതികരിച്ചവരിൽ 91 ശതമാനത്തിലധികം പേർ ഓപ്പറേഷൻ സിന്ദൂറിനെ പ്രശംസിച്ചു. കേന്ദ്രസർക്കാർ കൂടുതൽ ആധുനികമായ സൈനിക സാമഗ്രികൾ വാങ്ങുന്നതിനെ 91.32 ശതമാനം പേർ അനുകൂലിച്ചു. കേന്ദ്രസർക്കാരിന്റെ സൈനിക നടപടിയെ ചോദ്യം ചെയ്ത സിപിഎം നിലപാടിനെതിരെയാണ് ഭൂരിഭാഗവും നിലകൊണ്ടത്. ന്യൂനപക്ഷ വിഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. യുദ്ധവിരുദ്ധ പരാമർശങ്ങളോട് 47.64 ശതമാനം പേർ വിയോജിപ്പ് പ്രകടിപ്പിച്ചു. ദേശീയ സുരക്ഷയുടെ കാര്യത്തിൽ ഭൂരിഭാഗവും കേന്ദ്രസർക്കാരിനെ കണ്ണടച്ച് വിശ്വസിക്കാം എന്നാണ് പറയുന്നത്. ജനങ്ങളുടെ ഈ അഭിപ്രായം കേരളത്തിലെ ബിജെപിയുടെ വളർച്ചയ്ക്കും കാരണമാകും എന്നാണ് കരുതപ്പെടുന്നത്.









Discussion about this post