ദിസ്പൂർ : പഹൽഗാം ഭീകരാക്രമണത്തിനുശേഷം വർഗീയതയ്ക്കെതിരായ നിലപാട് കടുപ്പിച്ചിരിക്കുകയാണ് അസം സർക്കാർ. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വർഗീയത പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടിയാണ് കഴിഞ്ഞ ദിവസങ്ങളിലായി അസം സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. ഇന്നലെയും ഫേസ്ബുക്കിൽ വർഗീയ പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഒരാൾ അസമിൽ അറസ്റ്റിൽ ആയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇതുവരെ 94 പേരാണ് അസമിൽ വർഗീയ പ്രചാരണത്തിന്റെയും പാകിസ്താൻ പിന്തുണയുടെയും പേരിൽ അറസ്റ്റിലായിട്ടുള്ളത്. ദേശവിരുദ്ധർക്കെതിരെ ശക്തമായ നടപടികൾ ഇനിയും തുടരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. “പാകിസ്താൻ അനുകൂല, വർഗീയ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് അസമിൽ ഒരാൾ കൂടി അറസ്റ്റിലായി. ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് സംസ്ഥാനത്ത് ഇത്തരം കേസുകളിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം 94 ആയി. നൽബാരിയിൽ നിന്നാണ് കഴിഞ്ഞ ദിവസത്തെ അറസ്റ്റ് നടന്നത്. പ്രതി നിരന്തര നിരീക്ഷണത്തിലാണ് ” എന്നും ഹിമന്ത ബിശ്വ ശർമ്മ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
ഫേസ്ബുക്കിലൂടെ വർഗീയ പ്രചാരണം നടത്തിയ സഫികുൽ ഹഖ് എന്ന പ്രതിയെ കാംരൂപ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ ചിലർക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്‌എ) പ്രകാരം കേസെടുക്കുമെന്നും അസം സർക്കാർ അറിയിച്ചിട്ടുണ്ട്. നേരത്തെ ദേശവിരുദ്ധ പോസ്റ്റിന്റെ പേരിൽ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) എംഎൽഎ അമിനുൾ ഇസ്ലാമിനെതിരെയും അസം സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post