ന്യൂഡൽഹി : പശ്ചിമേഷ്യയിൽ യുദ്ധം പിടിമുറുക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയും കുതിച്ചുയരുകയാണ്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വിലയിൽ വൻവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 77 ഡോളറാണ്. അമേരിക്ക കൂടി യുദ്ധക്കളത്തിലേക്ക് ഇറങ്ങുന്നതോടെ വില കൂടുതൽ വർദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ഷിപ്പിംഗ് ലൈനുകൾ റൂട്ടുകൾ ക്രമീകരിക്കുന്നത് ഗതാഗത ചെലവുകൾ വർദ്ധിപ്പിക്കാനും സാധ്യതയുള്ളതിനാൽ വരുന്ന ദിവസങ്ങളിൽ ക്രൂഡോയിൽ വിലയിൽ കൂടുതൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇസ്രായേൽ ആക്രമണങ്ങൾ ഇറാന്റെ എണ്ണപ്പാടങ്ങൾക്കും കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. ഒരു ആഴ്ച മുമ്പ് ഇത് 69.4 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് വില ജൂൺ 18 ന് ഏകദേശം 77 ഡോളറിലെത്തി. ആഴ്ചയിൽ 10.6 ശതമാനം വർധനവ് ആണ് ഉണ്ടായിട്ടുള്ളത്. ഇനിയും വില ഉയർന്നാൽ കടുത്ത പ്രതിസന്ധി ആയിരിക്കും അന്താരാഷ്ട്രതലത്തിൽ നേരിടേണ്ടി വരിക.
ഇന്ത്യയിൽ നിലവിൽ എണ്ണ പ്രതിസന്ധി ഇല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദ്ദീപ്സിങ് പുരി വ്യക്തമാക്കി. 2019 ൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ഇന്ത്യ ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നില്ല. ആവശ്യത്തിനുള്ള എണ്ണ ശേഖരം നിലവിൽ ഇന്ത്യയിലുണ്ട്. സ്ഥിതിഗതികൾ ഞങ്ങൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നും ഹർദ്ദീപ് സിംഗ് പുരി അറിയിച്ചു.
Discussion about this post