വാഷിംഗ്ടൺ : ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായേലിനൊപ്പം ഇപ്പോൾ യുഎസ് കൂടി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്ക പ്രഖ്യാപിച്ചു. ഇത് യുഎസിനും ഇസ്രായേലിനും ലോകത്തിനും ഒരു ചരിത്ര നിമിഷമാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചു.
ഇറാനിലെ ഫോർഡോ, നതാൻസ്, എസ്ഫഹാൻ എന്നിവയുൾപ്പെടെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആണ് അമേരിക്കൻ സൈന്യം ബോംബിങിലൂടെ തകർത്തത്.
ഇറാനെതിരായ ആക്രമണത്തിൽ ബി-2 സ്റ്റെൽത്ത് ബോംബറുകൾ ആണ് വിന്യസിച്ചത് എന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ ആയുധശേഖരത്തിലെ അതിനൂതന ബോംബർ വിമാനങ്ങൾ ആണ് ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകൾ. ശത്രു രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനത്തെ പോലും തകർക്കാനും ഉള്ളിലേക്ക് തുളച്ചു കയറാനും ആഴത്തിലുള്ള ലക്ഷ്യങ്ങളെ പോലും തകർക്കാനും കഴിയുന്നതാണ് ബി-2 സ്റ്റെൽത്ത് ബോംബറുകൾ. 30,000 പൗണ്ട് ഭാരമുള്ള ഭീമൻ ബങ്കർ-ബസ്റ്റർ ബോംബായ ജിബിയു-57 മാസിവ് ഓർഡനൻസ് പെനട്രേറ്റർ (എംഒപി) വഹിക്കാൻ പോലും ശേഷിയുള്ളവയാണ് ബി-2 സ്റ്റെൽത്ത് ബോംബറുകൾ. കനത്ത സുരക്ഷയുള്ള ഭൂഗർഭ ലക്ഷ്യങ്ങൾ നശിപ്പിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ജിബിയു-57. എന്നാൽ ഇറാൻ ആക്രമണത്തിൽ ഏതു ബോംബ് ആണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.
നോർത്ത്‌റോപ്പ് ഗ്രുമ്മൻ വികസിപ്പിച്ചെടുത്ത ഒരു അമേരിക്കൻ സ്റ്റെൽത്ത് ബോംബർ വിമാനമാണ് ബി-2 സ്പിരിറ്റ്. ഇത് സാധാരണയായി ബി-2 ബോംബർ എന്നാണ് അറിയപ്പെടുന്നത്. മികച്ച സ്റ്റെൽത്ത് സാങ്കേതികവിദ്യ, ദീർഘദൂരം പറക്കാനുള്ള കഴിവ്, ഭാരമേറിയ ആയുധങ്ങൾ വഹിക്കാനുള്ള കഴിവ് എന്നിവയാണ് ഈ ബോംബർ വിമാനങ്ങളുടെ പ്രധാന സവിശേഷതകൾ. 1980 കളിൽ രൂപകൽപ്പന ചെയ്യപ്പെട്ട ഈ ബോംബറുകൾ 1997 മുതൽ അമേരിക്കൻ സൈന്യത്തിന്റെ ഭാഗമാണ്. 1989-ൽ ആണ് അമേരിക്കൻ സൈന്യം ഈ ബോംബർ വിമാനം ആദ്യമായി പരീക്ഷിച്ചത്. ഇറാന്റെ ഫോർഡോ ആണവ സമ്പുഷ്ടീകരണ കേന്ദ്രം മലയിടുക്കിൽ ഭൂമിക്ക് അടിയിലായാണ് നിർമ്മിച്ചിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. ഇത്തരത്തിലുള്ള ആഴത്തിലുള്ള ലക്ഷ്യങ്ങൾ തകർക്കാനായാണ് യുഎസ് B-2 സ്റ്റെൽത്ത് ബോംബറുകൾ വിന്യസിച്ചിട്ടുള്ളത്.
ആകൃതിയും പ്രത്യേക കോട്ടിംഗും പോലെയുള്ള സവിശേഷതകൾ കാരണം ശത്രുക്കളുടെ റഡാറുകൾക്കും ട്രാക്കിംഗ് സിസ്റ്റങ്ങൾക്കും B-2 സ്റ്റെൽത്ത് ബോംബറുകൾ കണ്ടെത്താൻ കഴിയാറില്ല. ന്യൂക്ലിയർ ബോംബുകൾ, പരമ്പരാഗത സ്ഫോടകവസ്തുക്കൾ, യുദ്ധോപകരണങ്ങൾ എന്നിവയുൾപ്പെടെ 18 ടൺ വരെ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും മാരകമായ വിമാനങ്ങളിൽ ഒന്നാണിത്. ഇന്ധനം നിറയ്ക്കാതെ തന്നെ ഏകദേശം 11,000 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും എന്നുള്ളതും വായുവിൽ വെച്ച് ഇന്ധനം നിറയ്ക്കാൻ കഴിയും എന്നുള്ളതും ഈ വിമാനത്തിന്റെ മറ്റൊരു സവിശേഷതയാണ്. 2 ബില്യൺ യുഎസ് ഡോളർ വിലയുള്ള ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ യുദ്ധവിമാനമായ B-2 സ്റ്റെൽത്ത് ബോംബറുകൾ അമേരിക്കയ്ക്ക് മാത്രമാണ് സ്വന്തമായുള്ളത്.
Discussion about this post