വാഷിംഗ്ടൺ : സമാധാന കരാറിൽ എത്തിയില്ലെങ്കിൽ കൂടുതൽ വലിയ ദുരന്തങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാന് കർശന മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്. ഇറാനിൽ വ്യോമാക്രമണം നടത്തി മണിക്കൂറുകൾക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോൾ ആയിരുന്നു ട്രംപ് ഈ കാര്യം വ്യക്തമാക്കിയത്. മിഡിൽ ഈസ്റ്റിലെ ഭീഷണിയാണ് ഇറാൻ എന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ ആണ് അമേരിക്കൻ സൈന്യം ഇന്ന് ആക്രമണം നടത്തിയത്. ‘അതിശയകരമായ സൈനിക വിജയം’ എന്നാണ് ട്രംപ് ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇറാന്റെ ആണവ സമ്പുഷ്ടീകരണ ശേഷികളുടെ നാശം എന്ന പ്രാഥമിക ലക്ഷ്യം തങ്ങൾ നേടിയെന്നും യുഎസ് പ്രസിഡണ്ട് വ്യക്തമാക്കി.
“മധ്യപൗരസ്ത്യ ദേശത്തെ ഭീഷണിയാണ് ഇറാൻ. 40 വർഷമായി ഇറാൻ അമേരിക്കയേയും ഇസ്രായേലിനെയും നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. റോഡുകളിൽ പോലും ബോംബുകൾ സ്ഥാപിച്ച് അവർ ഞങ്ങളുടെ പൗരന്മാരെ കൊല്ലുന്നു. ഇപ്പോൾ ഇറാന് സമാധാനം പുനസ്ഥാപിക്കാനുള്ള ഒരു അവസരമാണ് ലഭിച്ചിരിക്കുന്നത്. ഇറാൻ ഒരു സമാധാന കരാറിൽ എത്തിയില്ലെങ്കിൽ ഇന്ന് സംഭവിച്ചതിനേക്കാൾ കൂടുതൽ വലിയ ദുരന്തങ്ങൾ ആയിരിക്കും നേരിടേണ്ടി വരിക.” എന്നും വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
Discussion about this post