ടെഹ്റാൻ : ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി. ഫോർഡോ ആണവ കേന്ദ്രത്തിൽ ഉൾപ്പെടെ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതായി ഐഎഇഎ വ്യക്തമാക്കി. ഭൂഗർഭ കേന്ദ്രങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്താൻ സാധിച്ചിട്ടില്ല എന്നും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി അറിയിച്ചു.
ഐഎഇഎയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ അടിയന്തര യോഗത്തിൽ വച്ചാണ് ഐഎഇഎ മേധാവി റാഫേൽ ഗ്രോസി ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായി അറിയിച്ചത്. ഫോർഡോ സൈറ്റിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചതിൽ നിന്നും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുള്ളതായി മനസ്സിലാക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഭൂമിക്ക് ഉള്ളിലേക്ക് തുളച്ചുകയറുന്ന യുദ്ധോപകരണങ്ങളുടെ പ്രയോഗം കൊണ്ട് സംഭവിച്ചിരിക്കാൻ സാധ്യതയുള്ള ഗർത്തങ്ങളാണ് ഇത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
വ്യോമാക്രമണത്തിൽ അമേരിക്ക ഉപയോഗിച്ചിരിക്കുന്ന സ്ഫോടനാത്മക പേലോഡും സെൻട്രിഫ്യൂജുകളുടെ കനത്ത വൈബ്രേഷൻ സെൻസിറ്റീവ് സ്വഭാവവും കണക്കിലെടുക്കുമ്പോൾ വിവരിക്കാൻ കഴിയാത്ത വിധത്തിലുള്ള വലിയ നാശനഷ്ടം ഉണ്ടായിരിക്കാൻ സാധ്യതയുള്ളതായി റാഫേൽ ഗ്രോസി അഭിപ്രായപ്പെട്ടു. ഞായറാഴ്ചയാണ് യുഎസ് അത്യാധുനിക ബങ്കർ-ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്.
Discussion about this post