ന്യൂഡൽഹി : ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ഇന്ത്യ നൽകിയ ഐക്യദാർഢ്യത്തിന് നന്ദി അറിയിച്ചു ഡൽഹിയിലെ ഇറാൻ എംബസി. ഇസ്രായേലും അമേരിക്കയും നടത്തിയ സൈനിക ആക്രമണങ്ങളുടെ സമയത്ത് ഇന്ത്യയിലെ ജനങ്ങൾ പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിന് അഗാധമായ നന്ദി അറിയിക്കുന്നതായി ന്യൂഡൽഹിയിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ എംബസി ബുധനാഴ്ച ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഇറാനോടൊപ്പം ഉറച്ചുനിന്നതിന് പൗരന്മാർ, രാഷ്ട്രീയ പാർട്ടികൾ, പാർലമെന്റ് അംഗങ്ങൾ, എൻജിഒകൾ, മത-ആത്മീയ നേതാക്കൾ, അക്കാദമിക് വിദഗ്ധർ, മാധ്യമ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവരുൾപ്പെടെ ഇന്ത്യയിലെ മാന്യരും സ്വാതന്ത്ര്യസ്നേഹികളുമായ ജനങ്ങളെ പ്രശംസിച്ചു കൊണ്ടാണ് ഇറാൻ എംബസി ഔദ്യോഗികക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇറാനോടൊപ്പം ഉറച്ചുനിന്ന എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നന്ദി എന്നും ഇറാൻ എംബസി വ്യക്തമാക്കി.
സൈനിക സംഘർഷത്തിന്റെ കാലഘട്ടത്തിൽ ഇറാനിയൻ ജനതയ്ക്ക് ശക്തമായ പ്രോത്സാഹന സ്രോതസ്സായി ‘ഐക്യദാർഢ്യം, ധാർമ്മിക പിന്തുണ, പൊതു പ്രസ്താവനകൾ, സമാധാനാധിഷ്ഠിത ഒത്തുചേരലുകൾ എന്നിവയുടെ സന്ദേശങ്ങൾ’ ഇന്ത്യയിൽ നിന്നും ഉണ്ടായതായി ഇറാൻ വ്യക്തമാക്കി. ഇറാന് ഇന്ത്യ നൽകിയ പിന്തുണ മനസ്സാക്ഷിയെയും, നീതിയോടും അന്താരാഷ്ട്ര നിയമ തത്വങ്ങളോടുമുള്ള അവരുടെ പ്രതിബദ്ധതയെയും വ്യക്തമായി പ്രതിഫലിപ്പിക്കുന്നതാണ് എന്നും ഇറാൻ എംബസി സൂചിപ്പിച്ചു.
Discussion about this post