വാഷിംഗ്ടൺ : ഇറാൻ വീണ്ടും ആണവ പദ്ധതി ആരംഭിക്കാൻ ശ്രമിച്ചാൽ അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ യുറേനിയം സമ്പുഷ്ടമാക്കിയാൽ യുഎസ് വീണ്ടും ടെഹ്‌റാനെ ആക്രമിക്കുമോ എന്നെ മാധ്യമങ്ങളുടെ ചോദ്യത്തിന് ആയിരുന്നു ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാന് ചെയ്യാൻ കഴിയാവുന്ന ഏറ്റവും അവസാനത്തെ കാര്യമാണ് യൂറേനിയം സമ്പുഷ്ടീകരിക്കുന്നത് എന്ന് ട്രംപ് സൂചിപ്പിച്ചു.
“ഇപ്പോൾ അവർക്ക് ഒന്നും സമ്പുഷ്ടമാക്കാൻ താൽപ്പര്യമില്ല എന്നാണ് തോന്നുന്നത്. അവർ സുഖമായിരിക്കാൻ ആഗ്രഹിക്കുന്നു. അവരുടെ കൈവശം ഒരു ബോംബും ഉണ്ടാകില്ല, അവർ ഒന്നും സമ്പുഷ്ടമാക്കാൻ പോകുന്നില്ല. ഇറാനുമായുള്ള നമ്മുടെ ബന്ധം ഒരു പരിധിവരെ നല്ലതായിരിക്കുമെന്ന് ഞാൻ കരുതുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെയോ ഹിരോഷിമയുടെയോ നാഗസാക്കിയുടെയോ ഉദാഹരണങ്ങൾ ഒന്നും നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അത് അടിസ്ഥാനപരമായി ഒന്നുതന്നെയായിരുന്നു. അതോടെ യുദ്ധം കഴിഞ്ഞു” എന്നാണ് ട്രംപ് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകിയത്.
യുഎസ് ആക്രമണങ്ങൾക്ക് മുമ്പ് ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ നിന്ന് 400 കിലോഗ്രാം യുറേനിയം നീക്കം ചെയ്തതായി അവകാശപ്പെടുന്ന വാർത്തകൾ വ്യാജ വാർത്തയാണെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കയെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള റിപ്പോർട്ടുകൾ ആണിത്. ഇറാനെതിരെ യുഎസ് നടത്തിയ ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ പതിറ്റാണ്ടുകളോളം പുറകോട്ടടിച്ചു എന്നും യുഎസ് പ്രസിഡന്റ് സൂചിപ്പിച്ചു.
Discussion about this post