ബീജിങ് : ചൈനയിലെ ക്വിങ്‌ദാവോയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ നിലപാടുകളെ അദ്ദേഹം യോഗത്തിൽ കൃത്യമായി രേഖപ്പെടുത്തി. അതിർത്തി കടന്നുള്ള ഏത് ഭീകരതയെയും പ്രതിരോധിക്കാൻ ഇന്ത്യക്ക് പൂർണ്ണ അവകാശമുണ്ടെന്ന് രാജ്നാഥ് സിംഗ് അറിയിച്ചു. ഭീകരതയുടെ കാര്യത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്ന രാജ്യങ്ങളെ വിമർശിക്കാൻ എസ്‌സിഒ മടിക്കരുത് എന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.
പാകിസ്താനെ പേരെടുത്ത് പരാമർശിക്കാതെ ചില രാജ്യങ്ങൾ അതിർത്തി കടന്നുള്ള ഭീകരതയെ നയതന്ത്ര ഉപകരണമായി ഉപയോഗിക്കുകയും തീവ്രവാദികൾക്ക് അഭയം നൽകുകയും ചെയ്യുന്നു എന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി സൂചിപ്പിച്ചു. സ്വയം പ്രതിരോധിക്കാനും അതിർത്തി കടന്നുള്ള ഭീകരത തടയാനും ഉള്ള ഇന്ത്യയുടെ അവകാശമായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്നും അദ്ദേഹം വ്യക്തമാക്കി. എസ്‌സിഒ അംഗരാജ്യങ്ങളോട് തത്വാധിഷ്ഠിതമായ നിലപാട് സ്വീകരിക്കാനും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.
“ഏതൊരു ഭീകരപ്രവർത്തനവും കുറ്റകരമാണ്, അത് എപ്പോൾ, എവിടെ, ആര് നടത്തിയാലും അതിന്റെ പ്രേരണ ന്യായീകരിക്കാനാവില്ല. എസ്‌സിഒ അംഗങ്ങൾ ഈ തിന്മയെ അസന്ദിഗ്ധമായി അപലപിക്കണം. അതിർത്തി കടന്നുള്ള ഭീകരത ഉൾപ്പെടെയുള്ള നിന്ദ്യമായ ഭീകരപ്രവർത്തനങ്ങളുടെ കുറ്റവാളികൾ, സംഘാടകർ, ധനസഹായം നൽകുന്നവർ, സ്‌പോൺസർമാർ എന്നിവർക്കെതിരെ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ആവർത്തിക്കുന്നു,” എന്നും ഇന്ത്യൻ പ്രതിരോധ മന്ത്രി ഉറപ്പിച്ചു പറഞ്ഞു.
ജൂൺ 25-26 തീയതികളിൽ നടക്കുന്ന രണ്ട് ദിവസത്തെ എസ്‌സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗം കിഴക്കൻ നഗരമായ ക്വിങ്‌ദാവോയിൽ ചൈനയാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യ, ചൈന, റഷ്യ, പാകിസ്താൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, ഇറാൻ, പുതിയ അംഗം ബെലാറസ് എന്നീ എസ്‌സിഒയിലെ 10 പൂർണ്ണ അംഗ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ആണ് യോഗത്തിൽ പങ്കെടുക്കുന്നത്.
Discussion about this post