ബീജിങ് : ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) യോഗത്തിലെ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ വിസമ്മതിച്ച് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഏപ്രിൽ 22-ന് ഇന്ത്യയിൽ 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമർശിക്കാത്തതിനാൽ ആണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവയ്ക്കാൻ രാജ്നാഥ് സിംഗ് വിസമ്മതിച്ചത്. ഇന്ത്യൻ പ്രതിരോധ മന്ത്രി എതിർപ്പ് അറിയിച്ചതോടെ സംയുക്ത പ്രസ്താവന പൂർണമായും ഉപേക്ഷിക്കുന്നതായി എസ്‌സിഒ യോഗം വ്യക്തമാക്കി.
അതിർത്തി കടന്നുള്ള ഭീകരതയെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് പൂർണമായ അവകാശമുണ്ടെന്ന് നേരത്തെ രാജ്നാഥ് സിംഗ് യോഗത്തിൽ വ്യക്തമാക്കിയിരുന്നു. അതേസമയം ബലൂചിസ്താനിലെ ആക്രമണങ്ങൾക്ക് കാരണം ഇന്ത്യയാണെന്ന് പാകിസ്താൻ യോഗത്തിൽ ആരോപിച്ചു. യോഗത്തിനുശേഷം പുറത്തിറക്കുന്ന സംയുക്ത പ്രസ്താവനയിൽ പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള പരാമർശം ഒഴിവാക്കുകയും ബലൂചിസ്ഥാൻ പ്രസ്താവന ഉൾപ്പെടുത്തുകയും ചെയ്തതാണ് ഇന്ത്യൻ പ്രതിരോധ മന്ത്രിയെ ചൊടിപ്പിച്ചത്. ഇതോടെ സംയുക്ത പ്രസ്താവനയിൽ താൻ ഒപ്പിടില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. ഒടുവിൽ ഇന്ത്യൻ പ്രതിരോധ മന്ത്രിക്ക് വഴങ്ങിയ എസ്‌സിഒ യോഗം സംയുക്ത പ്രസ്താവന പൂർണമായും ഉപേക്ഷിച്ചു.
ചില രാജ്യങ്ങൾ അതിർത്തി കടന്നുള്ള ഭീകരതയെ നയതന്ത്ര ഉപകരണമായി ഉപയോഗിക്കുകയും തീവ്രവാദികൾക്ക് അഭയം നൽകുകയും ചെയ്യുന്നു. അത്തരം ഇരട്ടത്താപ്പുകൾക്ക് ഇവിടെ സ്ഥാനമില്ല. അത്തരം രാജ്യങ്ങളെ വിമർശിക്കാൻ എസ്‌സിഒ മടിക്കരുത് എന്ന് രാജ്നാഥ് സിംഗ് യോഗത്തിൽ സൂചിപ്പിച്ചു. ഷാങ്ഹായ് സഹകരണ സംഘടനയിലെ പത്ത് പൂർണ്ണ അംഗരാജ്യങ്ങളായ ഇന്ത്യ, ചൈന, റഷ്യ, പാകിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, ഇറാൻ, ഏറ്റവും പുതിയ അംഗമായ ബെലാറസ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാരുടെ യോഗമാണ് ചൈനയിൽ നടക്കുന്നത്.
Discussion about this post