ഷിംല : ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അഞ്ചുപേർ മരിച്ചു. നിരവധിപേരെ ഒഴുക്കിൽപ്പെട്ട് കാണാതായിട്ടുണ്ട്. കുളുവിലും ധർമ്മശാലയിലും ഉൾപ്പെടെ ജനങ്ങൾ ദുരിതത്തിൽ ആയിരിക്കുകയാണ്. മേഖലയിൽ ദുരന്തനിവാരണ സേനയെ വിന്യസിച്ചതായി സർക്കാർ അറിയിച്ചു.
സംസ്ഥാനത്തെ മൂന്ന് സ്ഥലങ്ങളിൽ മേഘവിസ്ഫോടനവും ഒമ്പത് സ്ഥലങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു അറിയിച്ചു. മിന്നൽ പ്രളയത്തെ തുടർന്ന് രണ്ട് ദേശീയപാതയും നിരവധി വീടുകളും തകർന്നിട്ടുണ്ട്. കുളുവിൽ രണ്ട് പേരെയും കാംഗ്രയിൽ മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തി. നദികൾക്ക് സമീപമുള്ള 15 വീടുകൾ തകർന്നു.
കുളുവിൽ രണ്ട് പേരെയും കാംഗ്രയിൽ അഞ്ച് പേരെയും കാണാതായിട്ടുണ്ട്. ഖനിയാര ഗ്രാമത്തിലെ മനുനി ഖാഡിൽ ബുധനാഴ്ച വൈകുന്നേരം ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇന്ദിരാ പ്രിയദർശിനി ജലവൈദ്യുത പദ്ധതി സ്ഥലത്തിനടുത്തുള്ള ഒരു ലേബർ കോളനിയിൽ 15-20 ഓളം തൊഴിലാളികൾ ഒഴുക്കിൽപ്പെട്ടു. എൻഡിആർഎഫ്, സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്), പോലീസ്, ഹോം ഗാർഡുകൾ എന്നിവരുടെ സംയുക്ത തിരച്ചിൽ സംഘങ്ങൾ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഹിമാചൽ മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post