ടെൽ അവീവ് : ഇസ്രായേലിന് ഇതുവരെ നൽകിയ പിന്തുണയിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇസ്രായേൽ പ്രതിപക്ഷ പാർട്ടിയിലെ സുപ്രധാന നേതാവ് ഷെല്ലി ടെൽ മെറോൺ. ഇസ്രായേൽ ഇറാൻ വെടിനിർത്തലിൽ യുഎസ് പ്രസിഡന്റ് ട്രംപിന്റെ അവകാശവാദങ്ങളെ ഷെല്ലി ടെൽ മെറോൺ തള്ളിക്കളഞ്ഞു. അമേരിക്കൻ പ്രസിഡന്റിന്റേത് പൊള്ളയായ വാദങ്ങൾ ആണെന്നും അദ്ദേഹം എപ്പോഴും ഞാൻ, ഞാൻ, ഞാൻ എന്നു മാത്രം ചിന്തിക്കുന്ന ആളാണെന്നും ഇസ്രായേലിലെ പ്രതിപക്ഷ പാർട്ടിയായ യെഷ് ആറ്റിസിന്റെ എംപിയായ ഷെല്ലി ടെൽ മെറോൺ അഭിപ്രായപ്പെട്ടു.
യഥാർത്ഥത്തിൽ ഇസ്രായേലിനും ഇറാനും ഇടയിൽ ഏതെങ്കിലും രീതിയിലുള്ള മധ്യസ്ഥത വഹിക്കാൻ കഴിയുക ഇന്ത്യയ്ക്ക് ആയിരിക്കും എന്നും ഷെല്ലി ടെൽ മെറോൺ അഭിപ്രായപ്പെട്ടു. “ഇസ്രായേലുമായും ഇറാനുമായും സൗഹൃദം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. വ്യക്തിപരമായി എനിക്ക് വളരെ ഇഷ്ടമുള്ള ഒരു രാജ്യം കൂടിയാണ് ഇന്ത്യ. ഞാനും ഇന്ത്യയിൽ താമസിച്ചിട്ടുണ്ട്. അവിടെയുള്ള ടെക് കമ്പനികളുമായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളെയും സംസ്കാരത്തെയും ഞാൻ ബഹുമാനിക്കുന്നു” എന്നും ഷെല്ലി ടെൽ മെറോൺ വ്യക്തമാക്കി.
ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘർഷത്തിലും ഇസ്രായേലും ഇറാനും തമ്മിലുണ്ടായ സംഘർഷത്തിലും ക്രെഡിറ്റ് എടുക്കുന്ന ജോലി മാത്രമാണ് ട്രംപ് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇസ്രായേൽ ഇറാനുമായി ഒറ്റയ്ക്ക് യുദ്ധം ചെയ്യുന്നു. ഇസ്രായേൽ സൈന്യം യുദ്ധവിമാനങ്ങളുമായി ടെഹ്‌റാനിൽ പ്രവേശിച്ചു. എന്നാൽ അവസാന ഒരു ദിവസം, അമേരിക്ക അവരുടെ ചില ബോംബർ വിമാനങ്ങളെ ഇറാനിലേക്ക് അയയ്ക്കുകയും മുഴുവൻ യുദ്ധത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കുകയുമാണ് ചെയ്തത്. എന്നിരുന്നാലും ഞങ്ങളോടൊപ്പം നിന്നതിന് ട്രംപിന്റെ ധീരതയെ ഞാൻ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ സഹായങ്ങൾക്ക് ഇസ്രായേലി ജനതയ്ക്ക് നന്ദിയുണ്ട് എന്നും ഷെല്ലി ടെൽ മെറോൺ സൂചിപ്പിച്ചു.
Discussion about this post