ചണ്ഡീഗഡ് : പാകിസ്താന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) പിന്തുണയോടെ പഞ്ചാബിൽ പ്രവർത്തിച്ചിരുന്ന ഭീകര ശൃംഖല തകർത്ത് പോലീസ്. സംഘത്തിൽ പ്രവർത്തിച്ചിരുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിടികൂടിയ പ്രതികളിൽ ഒരാൾ കൗമാരക്കാരൻ ആണ്. അമൃത്സർ റൂറലിലെ രാംദാസ് നിവാസികളായ സെഹാജ്പാൽ സിംഗ്, വിക്രംജിത് സിംഗ് എന്നിവരെയും ഒരു പ്രായപൂർത്തിയാകാത്ത വ്യക്തിയെയും ആണ് ഭീകര പ്രവർത്തനത്തിന്റെ പേരിൽ പിടികൂടിയത് എന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.
ബബ്ബർ ഖൽസ ഇന്റർനാഷണൽ എന്ന പേരിൽ ആയിരുന്നു പഞ്ചാബിൽ ഈ സംഘടന പ്രവർത്തിച്ചിരുന്നത്. അമൃത്സറിലും പരിസര പ്രദേശങ്ങളിലുമുള്ള പോലീസ് സ്ഥാപനങ്ങൾക്ക് നേരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളും ആക്രമണങ്ങളും ആസൂത്രണം ചെയ്യാൻ ഇവർ പദ്ധതി ഇട്ടിരുന്നു. ഒരു വലിയ ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി, എണ്ണമറ്റ നിരപരാധികളുടെ ജീവൻ രക്ഷിക്കുന്ന നടപടിയാണ് പഞ്ചാബ് പോലീസ് സ്വീകരിച്ചതെന്ന് ഡിജിപി ഗൗരവ് യാദവ് വ്യക്തമാക്കി.
യുകെ ആസ്ഥാനമായുള്ള ഭീകരൻ നിഷാൻ സിങ്ങും പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരൻ ഹർവീന്ദർ റിൻഡയും ആണ് പഞ്ചാബിലെ ഈ ഭീകര സംഘടനയ്ക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു വന്നിരുന്നത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് സംഘവും മൊഹാലിയിലെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെല്ലും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് 3 ഭീകരരെ പിടികൂടി ഭീകര ശൃംഖല തകർത്തത്. പിടികൂടിയ പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെയും സ്ഫോടകവസ്തു നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം എസ്‌എസ്‌ഒസിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പഞ്ചാബ് പോലീസ് വ്യക്തമാക്കി.
Discussion about this post