ന്യൂഡൽഹി : റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ (റോ) പുതിയ മേധാവിയായി പരാഗ് ജെയിൻ ഐപിഎസിനെ നിയമിച്ച് നരേന്ദ്ര മോദി സർക്കാർ. ജൂലൈ 1 മുതൽ അദ്ദേഹം റോ മേധാവിയായി ചുമതലയേൽക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 1989 ബാച്ച് പഞ്ചാബ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ പരാഗ് ജെയിൻ ഓപ്പറേഷൻ സിന്ദൂറിൽ ഉൾപ്പെടെ നിർണായകമായ പങ്കുവഹിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ്.
നിലവിൽ ഏവിയേഷൻ റിസർച്ച് സെന്ററിന്റെ (എആർസി) തലവനാണ് പരാഗ് ജെയിൻ. ജൂലൈ 1 മുതൽ രണ്ട് വർഷത്തേക്ക് ആണ് ‘റോ’യുടെ പുതിയ മേധാവിയായി പരാഗ് ജെയിൻ നിയമിക്കപ്പെട്ടിട്ടുള്ളത്. നിലവിലെ മേധാവി രവി സിൻഹയുടെ കാലാവധി ജൂൺ 30 ന് അവസാനിക്കുന്നതാണ്.
പാകിസ്താൻ സായുധ സേനയെക്കുറിച്ചുള്ള നിർണായക രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിച്ചുകൊണ്ടാണ് പരാഗ് ജെയിൻ ഓപ്പറേഷൻ സിന്ദൂറിലെ സുപ്രധാന സാന്നിധ്യമായി മാറിയിരുന്നത്.
ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ ചുമതലകൾ നിർവഹിച്ചിരുന്ന ഏറെ പരിചയസമ്പന്നനായ ഉദ്യോഗസ്ഥനാണ് പരാഗ് ജെയിൻ. ഇന്റലിജൻസ് വൃത്തങ്ങളിൽ ‘സൂപ്പർ സ്‌ലൂത്ത്’ എന്നറിയപ്പെടുന്ന ജെയിൻ, മനുഷ്യ ബുദ്ധി (HUMINT) യും സാങ്കേതിക ബുദ്ധി (TECHINT) യും ഫലപ്രദമായി സംയോജിപ്പിക്കുന്നതിൽ വിദഗ്ധനായി അറിയപ്പെടുന്നു. നേരത്തെ ചണ്ഡീഗഡ് എസ്എസ്പിയും ലുധിയാന ഡിഐജിയും പഞ്ചാബ് ഡിജിപി ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൂടാതെ കാനഡയിലും ശ്രീലങ്കയിലും നയതന്ത്രപരമായ റോളുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയ സമയത്തും ഓപ്പറേഷൻ ബലാകോട്ട് സമയത്തും ജമ്മു കശ്മീരിൽ ഇന്ത്യയുടെ ബാഹ്യ ഇന്റലിജൻസ് ഏജൻസിയിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ്.
Discussion about this post