പഹൽഗാമിനേറ്റ മുറവിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ തകർത്ത ഭീകരകേന്ദ്രങ്ങൾ പാകിസ്താൻ പുനഃനിർമ്മിക്കുകയാണെന്ന് റിപ്പോർട്ട്. ഇന്ത്യ തകർത്ത ഭീകരരുടെ ലോഞ്ച് പാഡുകളും പരിശീലന ക്യാംപുകളും പാകിസ്താൻ പുനഃനിർമ്മിക്കുമെന്നാണ് റിപ്പോർട്ട്. പാക് അധീന കശ്മീരിലെയും സമീപപ്രദേശങ്ങളിലെയും ഭീകരക്യാമ്പുകളാണ് പാക് സൈന്യത്തിന്റെയും ചാരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസിന്റെയും പാക് സർക്കാരിന്റെയും പിന്തുണയോടെ നിർമ്മിക്കുന്നത്.
നിയന്ത്രണ രേഖയ്ക്ക് സമീപം ഇടതൂർന്ന വനമേഖലയിലാണ് ഭീകരകേന്ദ്രങ്ങൾ പുനഃനിർമ്മിക്കപ്പെടുന്നത്. തെർമൽ, റഡാർ, ഉപഗ്രഹ നിരീക്ഷണ സംവിധാനങ്ങളിൽപ്പെടാത്ത തരത്തിലുള്ള ആധുനിക സാങ്കേതികവിദ്യകൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ ക്യാംപുകളുടെ നിർമാണം. വലിയ പരിശീലന ക്യാംപുകളെ ചെറുക്യാംപുകളാക്കി പുനഃനിർമ്മിക്കുകയാണ് ലക്ഷ്യം. 200ൽ താഴെ മാത്രം ഭീകരരെ ഉൾക്കൊള്ളുന്ന തരത്തിലാകും ക്യാംപുകളുടെ പുനർനിർമാണം. ഇന്ത്യയിൽനിന്ന് ആക്രമണമുണ്ടായാൽ ഒട്ടേറെ ഭീകരരെ ഒന്നിച്ച് നഷ്ടമാകുന്നത് ഒഴിവാക്കാനാണിത്.
പരിശീലന ക്യാംപുകൾക്ക് പാക് സൈന്യം പരിശീലനം നൽകിയ ഗാർഡുകളാണ് സുരക്ഷയൊരുക്കുന്നത്. തെർമൽ സെൻസറുകളും ലോ ഫ്രീക്വൻസി റഡാർ സംവിധാനവും ഡ്രോൺ വേധ സംവിധാനവുമുൾപ്പെടെ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഇവരുടെ പക്കലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു
ലൂണി, പുത്വാൾ, തായ്പു പോസ്റ്റ്, ജമീല പോസ്റ്റ്, ഉമ്രാൻവാലി, ചപ്രാർ, ഫോർവേഡ് കഹുത, ഛോട്ടാ ചാക്, ജംഗ്ലോറ തുടങ്ങിയ പ്രദേശങ്ങളിലാണ് നിലവിൽ പുനർനിർമ്മിച്ചുകൊണ്ടിരിക്കുന്ന ക്യാമ്പുകൾ സ്ഥിതി ചെയ്യുന്നത്. തെർമൽ ഇമേജറുകൾ, ഇലകളിൽ തുളച്ചുകയറുന്ന റഡാർ, ഉപഗ്രഹ നിരീക്ഷണം എന്നിവയെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്ത നൂതന സാങ്കേതികവിദ്യകൾ ഈ ക്യാമ്പുകളിൽ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പാക് സൈന്യവും ഐഎസ്ഐയും പിഒകെയിലെ 13 ലോഞ്ചിംഗ് പാഡുകൾ പുനർനിർമ്മിക്കുന്നുണ്ടെന്നും അതിൽ കെൽ, ഷാർഡി, ദുധ്നിയാൽ, അത്മുഖം, ജൂറ, ലീപ വാലി, പച്ചിബാൻ ചമൻ, ടാൻഡ്പാനി, നയാലി, ജങ്കോട്ട്, ചകോട്ടി, നികൈൽ, ഫോർവേഡ് കഹുത തുടങ്ങിയ പ്രദേശങ്ങളും ഉൾപ്പെടുന്നുവെന്നും വിവരങ്ങളുണ്ട്.
Discussion about this post