തന്റെ കോളേജിലെ കുട്ടികൾ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി ജയിക്കണം എന്ന് ആഗ്രഹിക്കാത്ത ഒരു പ്രിൻസിപ്പലും കാണില്ല , എന്നാൽ പഠനത്തിൽ മാത്രമല്ല കുട്ടിയുടെ കഴിവ് എന്താണോ അതനുസരിച്ച് അവരെ സഹയിക്കുന്ന ഒരു പ്രിൻസിപ്പൽ ആയിരുന്ന ശ്രീലങ്കയിലെ സെന്റ് സെർവേഷ്യസ് കോളേജിലെ മുൻ അധ്യാപകൻ ജി എൽ ഗാലപ്പതി. തന്റെ സ്കൂളിലെ ഒരു കുട്ടിക്ക് ക്രിക്കറ്റ് കളിക്കാൻ നല്ല മികവ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ പ്രിൻസിപ്പൽ കോച്ചിന്റെ സഹായത്തോടെ അവനെ ഒരുപാട് ടൂർണമെന്റുകളിൽ കളിപ്പിച്ചു. നേരിടുന്ന ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിച്ചിരുന്ന അവൻ കോളേജ് ടൂർണമെന്റുകളിൽ ടീമിന്റെ തുറുപ്പ് ചീട്ടും എതിരാളികളുടെ പേടിസ്വപ്നവും ആയിരുന്നു. ക്ലബ് തലത്തിലും ആഭ്യന്തര തലത്തിലും ഉള്ള അവന്റെ മികച്ച പ്രകടനങ്ങൾ ദേശിയ ടീമിലേക്ക് അവനെ എത്തിച്ചു. റൊമേഷ് കാലുവിതരണയുമായി ഉള്ള അവന്റെ സ്പോടനാത്മക ബാറ്റിംഗ് ശ്രീലങ്കയെ 1996 ലോകകപ്പ് ജേതാക്കളാക്കി .ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറെ പേടിയോടെ കണ്ട ആ താരമാണ് സാക്ഷാൽ സനത് ജയസൂര്യ
1989 ൽ ഓസ്‌ട്രേലിയക്ക് എതിരെയുള്ള ഏകദിന മത്സരത്തിൽ അരങ്ങേറ്റം കുറിച്ച താരത്തിന്റെ മികച്ച വർഷം 1995 ന് ശേഷമായിരുന്നു. ഓപ്പണർ ആയി സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷമാണ് ബാറ്റിംഗ് ശൈലിയിൽ മാറ്റം വരുത്തിയതോടെ താരത്തെ ലോകം ശ്രദ്ധിച്ച് തുടങ്ങി. എതിർ ബൗളർ ഏത് കൊമ്പൻ ആണെങ്കിലും ജയസൂര്യക്ക് അവസരം കൊടുത്താൽ ബൗളർ സ്കൂൾ കുട്ടിയെ പോലെ തോന്നിക്കും എന്ന് അന്നത്തെ ബൗളറുമാർ പറയുമായിരുന്നു. ദ്വീപുവാസികൾക്കിടയിൽ ജയസൂര്യ ഒരു ആവേശമായിരുന്നു. ഗ്രൗണ്ടിന്റെ മധ്യത്തിലേക്ക് എത്തുന്നസമയം മുതൽ തെല്ല് ഭയമില്ലാതെ കളിക്കുന്ന ശൈലി എല്ലാ രാജ്യങ്ങളിലും താരത്തിന് ആരാധകരെ സൃഷ്ടിച്ചു . സനത് ബാറ്റ് ചെയ്യുന്നത് കാണാൻ ആരാധകർ എപ്പോഴും ആഗ്രഹിച്ചപ്പോൾ മറുവശക്കാർക്ക് അദ്ദേഹം ഒരു തലവേദനയായിരുന്നു,”ജയസൂര്യ ഉള്ള മത്സരങ്ങളിൽ കളിക്കാതിരിക്കാൻ ഞാൻ ആഗ്രഹിച്ചു, എറിഞ്ഞാൽ തന്നെ എത്രെ റൺസ് വഴങ്ങും എന്നാണ് ചിന്തിച്ചത് ” വെങ്കിടേഷ് പ്രസാദിന്റെ വാക്കുകൾ ഇങ്ങനെ
“ഞാൻ ഡൊണാൾഡ് ബ്രാഡ്മാൻ കളിക്കുന്നത് കണ്ടിട്ടില്ല ,പക്ഷെ എനിക്ക് ജയസൂര്യയുടെ കളി കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്”ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ സച്ചിൻ ടെണ്ടുൽക്കറുടെ വാക്കുകളാണ് ആണിത്. ബ്രാഡ്മാനെ പോലെ ഒരു താരവുമായി സാക്ഷാൽ സച്ചിൻ ഒരു താരത്തെ താരതമ്യം ചെയ്യണമെങ്കിൽ ഓർക്കുക ജയസൂര്യയുടെ റേഞ്ച് എന്തായിരുന്നു എന്ന്. കട്ട് ഷോട്ടുകൾ കളിക്കുന്നതിൽ അതിവിദഗ്ദ്ധനായ താരം കളിയുടെ തുടക്കത്തിൽ തന്നെ എതിരാളിയുടെ കൈയ്യിൽ നിന്ന് മത്സരം തട്ടിയെടുക്കുമായിരുന്നു. ആദ്യ ഓവറുകളിൽ തന്നെ എതിർ ബൗളറുമാരെ ആക്രമിച്ച് കളിക്കാൻ ഇഷ്ടപെട്ട താരം കാലുവിതരണയുമായി ചേർന്ന് അവലംബിച്ച ശൈലി ആയിരുന്നു ആദ്യ 15 ഓവറുകളിൽ എതിരാളികളെ ആക്രമിക്കുക. ഇന്നത്തെ ട്വന്റി ട്വന്റി യുഗത്തിലെ പോലെയുള്ള ബാറ്റിംഗ് ആയിരുന്നു ഇരുവരുടെയും ഗ്ലെൻ മഗ്രാത്ത് ഉൾപ്പടെ ഉള്ള താരങ്ങൾ എല്ലാവരും സനത്തിന്റെ പ്രഹരം ഏറ്റുവാങ്ങി.
ജയസൂര്യയുടെ സ്പ്രിംഗ് ബാറ്റിന്റെ കഥ നിങ്ങളിൽ പലരും കേട്ടിട്ടുണ്ടാകും. ‘പാകിസ്ഥാൻ – ശ്രീലങ്ക മത്സരം. ജയസൂര്യ അടിക്കുന്ന അടിയെല്ലാം ഫോറും, സിക്‌സും തന്നെ. പാകിസ്ഥാൻ കളിക്കാർക്ക് സംശയം, എന്തോ പന്തികേടുണ്ട്. സയിദ് അൻവറാണ് അത് കണ്ടു പിടിച്ചത്. ജയസൂര്യ, ബാറ്റ് നിലത്തു കുത്തുമ്പോൾ അത് സ്പ്രിംഗ് പോലെ മുകളിലേക്കു തെറിക്കുന്നു. അമ്പയർ ഇടപെട്ടു, ബാറ്റ് ഗ്രൗണ്ടിൽ വെച്ചു തന്നെ വെട്ടി പൊളിച്ചു. ബാറ്റിനുള്ളിൽ ഒരു വലിയ സ്പ്രിംഗ്. കള്ളം പിടിക്കപ്പെട്ട ചമ്മലിൽ, തന്റെ വിശ്വവിഖ്യാതമായ മൊട്ട തല കുനിച്ച്, ജയസൂര്യ പവലിയനിലേക്ക് നടന്നു.’ ഇതൊക്കെ പലരും കുട്ടിക്കാലത്ത് വിശ്വസിച്ച എന്നാൽ പിന്നെ മണ്ടത്തരം ആണെന്ന് വിശ്വസിച്ച കാര്യങ്ങളാണ്.
ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും നല്ല ബൗളർ ആയിരുന്ന മനോജ് പ്രഭാകർ ഇപ്പോഴും ജയസൂര്യയുടെ പേര് പറഞ്ഞാൽ പേടിക്കുമായിരിക്കും.അത്രേ വലിയ പ്രഹരം ആണ് ലോകകകപ്പിൽ ഗ്രൂപ്പ് മാച്ചിൽ മനോജിനുമേൽ ജയസൂര്യ ഏല്പിച്ചത്. 4 ഓവർ എറിഞ്ഞ മനോജ് 47 റൺസ് ആണ് വഴങ്ങിയത്. പവർപ്ലേ ഒന്നും ഇല്ലാതിരുന്ന കാലത്ത് ആയിരുന്നു എന്ന് ഓർക്കണം ഈ അത്ഭുത ബാറ്റിംഗ്. ആ ഇന്നിങ്‌സോടെ മനോജിന്റെ ക്രിക്കറ്റ് കരിയർ തന്നെ അവസാനിച്ചു. തുടർച്ചയായ 2 കളികളിൽ 150 റൺസിനുമേൽ സ്കോർ ചെയ്യുന്ന താരം എന്ന നേട്ടവും താരത്തിന് സ്വന്തമാണ്. 2007 ലോകകപ്പിൽ ശ്രീലങ്കയുടെ ഫൈനൽ പ്രവേശനത്തിന് നിർണായകമായതും സനത്തിന്റെ പ്രകടനം . 1996 ലോകകപ്പിലെ തന്നെ നിർണായക മത്സരത്തിൽ സച്ചിന്റെ വിക്കറ്റ് നേടിയ താരം പന്ത് കൊണ്ടും മായാജാലം കാണിച്ച് ആ ലോകകപ്പിലെ മാൻ ഓഫ് ദി മാച്ച് അവാർഡും സ്വന്തമാക്കി .
Discussion about this post