ഭോപ്പാൽ : 1984 ലെ ഭോപ്പാൽ ഗാഗ് ദുരന്തത്തിന്റെ അവശേഷിപ്പുകൾക്ക് സമ്പൂർണ്ണ അന്ത്യം കുറിച്ച് മധ്യപ്രദേശ് സർക്കാർ. യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ അവശേഷിച്ചിരുന്ന 337 ടൺ മാലിന്യവും സുരക്ഷിതമായി നശിപ്പിച്ചു. പിതാംപൂരിലെ ഒരു മാലിന്യ സംസ്കരണ പ്ലാന്റിൽ വച്ചാണ് ഈ മാലിന്യങ്ങളെല്ലാം സുരക്ഷിതമായി സംസ്കരിച്ചതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി. മാലിന്യ നിർമാർജന വേളയിൽ, പിതാംപൂർ പ്ലാന്റിൽ നിന്നുള്ള വ്യത്യസ്ത വാതകങ്ങളുടെയും കണികകളുടെയും ഉദ്‌വമനം ഒരു ഓൺലൈൻ സംവിധാനം വഴി തത്സമയം നിരീക്ഷിച്ചുവെന്നും എല്ലാ ഉദ്‌വമനങ്ങളും മാനദണ്ഡ പരിധിക്കുള്ളിലാണെന്ന് കണ്ടെത്തിയതായും കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പിതാംപൂരിലെ സ്വകാര്യ മാലിന്യ സംസ്കരണ പ്ലാന്റിലെ മൂന്ന് പരീക്ഷണങ്ങളിലായി 30 ടൺ മാലിന്യം നേരത്തെ മധ്യപ്രദേശ് സർക്കാർ സംസ്കരിച്ചിരുന്നു. ബാക്കി 307 ടൺ മാലിന്യം മെയ് 5 നും ജൂൺ 30 നും ഇടയിലായി സംസ്കരിച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിലെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെയും സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിൽ ആയിരുന്നു മാലിന്യ സംസ്കരണം പൂർണമായും നടത്തിയത്. മണിക്കൂറിൽ പരമാവധി 270 കിലോഗ്രാം എന്ന നിരക്കിൽ ആയിരുന്നു മാലിന്യങ്ങൾ സംസ്കരിച്ചത്. ആറുമാസങ്ങൾക്കു മുൻപായിരുന്നു യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ അവശേഷിച്ചിരുന്ന മാലിന്യങ്ങൾ പിതാംപൂരിലെ സ്വകാര്യ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് എത്തിച്ചിരുന്നത്.
1984 ഡിസംബർ 2, 3 ദിവസങ്ങളിൽ ആയിരുന്നു ഇന്ത്യയെ ഒന്നാകെ നടുക്കിയ ഭോപ്പാൽ ദുരന്തം സംഭവിച്ചത്. ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്ന് ചോർന്ന അതിവിഷാംശമുള്ള മീഥൈൽ ഐസോസയനേറ്റ് വാതകം ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നിനാണ് കാരണമായത്. 5,479 ലേറെ പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്ത രാജ്യം കണ്ട അതി മാരകമായ ദുരന്തമായിരുന്നു ഭോപ്പാൽ ദുരന്തം.
Discussion about this post